തൃശൂർ: പുനർനിർമ്മിച്ച പുഴയ്ക്കൽ പുതിയ പാലം സെപ്തംബർ രണ്ടിന് വൈകിട്ട് 4.30ന് മന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുമെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. പാലം ഗതാഗതത്തിന് അടിയന്തരമായി തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എയുടെ നേതൃത്വത്തിൽ യു.ഡി.എഫ് ജനപ്രതിനിധികൾ ഇന്ന് രാവിലെ പത്ത് മുതൽ പുഴയ്ക്കൽ പാലത്തിന്റെ പരിസരത്ത് നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തശേഷം വൈകിട്ട് വീണ്ടും സമരപ്പന്തലിലെത്തി ടി.എൻ. പ്രതാപൻ എം.പി പൊതുമരാമത്ത് വകുപ്പുമന്ത്രി നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിച്ചു.

രാപ്പകൽ സമരത്തിന്റെ ഭാഗമായി 24 മണിക്കൂർ നേരം ഉപവാസ സമരമിരുന്ന അനിൽ അക്കര എം.എൽ.എയ്ക്ക് നാരങ്ങാനീര് നൽകി സമരം അവസാനിപ്പിച്ചു. സെപ്തംബർ രണ്ടിനകം പാലത്തിന്റെ ശേഷിക്കുന്ന നിർമ്മാണം മുഴുവൻ പൂർത്തിയാക്കും. അപ്രോച്ച് റോഡിന്റെ ടാറിംഗിന് പകരം മുതുവറ മോഡൽ കോൺക്രീറ്റ് കട്ട വിരിക്കുന്നതിനുള്ള ചീഫ് എൻജിനിയറുടെ നിർദ്ദേശവും ഇതിന്റെ ഭാഗമായി നടപ്പിലാക്കും. ഇതോടെ തൃശൂർ-കുറ്റിപ്പുറം റോഡിലെ രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ കഴിയും. രാവിലെ ജനപ്രതിനിധികളുടെ രാപ്പകൽ സമരം ടി.എൻ. പ്രതാപൻ എം.പി യും സമരത്തിന്റെ സമാപന സമ്മേളനം മുൻ എം.എൽ.എ പി.എ. മാധവനും നിർവ്വഹിച്ചു.

ഉദ്ഘാടന സമ്മേളനത്തിനും സമാപന സമ്മേളനത്തിനും രമ്യ ഹരിദാസ് എം.പി, മുൻ സ്പീക്കർ അഡ്വ. തേറമ്പിൽ രാമകൃഷ്ണൻ, യു.ഡി.എഫ് ജില്ലാ നേതാക്കളായ ജോസഫ് ചാലിശ്ശേരി, കെ.ആർ. ഗിരിജൻ, സി.എച്ച്. റഷീദ്, പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.വി. കുര്യാക്കോസ്, രാജേന്ദ്രൻ അരങ്ങത്ത്, ജോസഫ് ടാജറ്റ്, ജോസ് വള്ളൂർ, കെ. അജിത്ത്കുമാർ, എൻ.ആർ. സതീശൻ, എം.എ. രാമകൃഷ്ണൻ, ഷാഹിദ റഹ്മാൻ, എൻ.എ. സാബു, പി.ജി. തോമസ് മാസ്റ്റർ, ഉമ്മർ ചെറുവായിൽ, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.ആർ. ജയചന്ദ്രൻ, പി.ജി. ഉണ്ണിക്കൃഷ്ണൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ ജിമ്മി ചൂണ്ടൽ, ജിജോ കുര്യൻ, മനോജ് കടമ്പാട്ടിൽ,ലോനപ്പൻ ചക്കച്ചാംപറമ്പിൽ, വി.ഒ. ചുമ്മാർ എന്നിവർ പ്രസംഗിച്ചു.