പാവറട്ടി: ഗുരുവായൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് അനുവദിച്ച ബസുകൾ നിറുത്തലാക്കിയതിൽ പ്രതിഷേധിച്ചും സർവീസുകൾ പുനരാരംഭിക്കണം എന്നാവശ്യപ്പെട്ടും മുല്ലശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് പാവറട്ടി, പറപ്പൂർ, തൃശൂർ, എറണാകുളം വഴി എടത്വയിലേക്ക് പോകുന്ന ബസും ഗുരുവായൂരിൽ നിന്ന് ആരംഭിച്ച് പാവറട്ടി, മുല്ലശ്ശേരി, കാഞ്ഞാണി വഴി കായംകുളത്തേക്ക് പോകുന്ന ബസും ഗുരുവായൂരിൽ നിന്ന് ആരംഭിച്ച് വാടാനപ്പള്ളി വഴി കായംകുളത്തേക്ക് പോകുന്ന ബസും അടക്കം മൂന്ന് ബസുകളാണ് പുർണ്ണമായും നിറുത്തലാക്കിയത്. ഗുരുവായൂരിൽ നിന്ന് പുറപ്പെട്ട് മുല്ലശ്ശേരി, ഊരകം വഴി തൃശൂരിലേക്ക് പോകുന്ന ബസിന്റെ രാത്രി കാല സർവീസും നിറുത്തലാക്കിയിട്ടുണ്ട്.
അന്നകരയിൽ നടന്ന പ്രതിഷേധ പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രാജൻ ഉദ്ഘാടനം ചെയതു. മണ്ഡലം പ്രസിഡന്റ് എം.ബി. സെയ്തു മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സലാം തിരുനെല്ലൂർ, കെ.ആർ. വിശ്വനാഥൻ, പി.എ. കൃഷ്ണൻകുട്ടി, ലിജോ പനക്കൽ തുടങ്ങിയവർ സംസാരിച്ചു.
ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസുകൾ രണ്ട് ജില്ലാ അതിർത്തിയിൽ മതിയെന്ന സംസ്ഥാന തല തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നിറുത്തിവച്ചത്. വരുമാനം കുറഞ്ഞതാണ് മണലൂർ എം.എൽ.എയുടെ നിർദ്ദേശപൂർവ്വം ആരംഭിച്ച ബസിന്റെ രാത്രി കാല സർവീസ് നിറുത്തിവച്ചത്. പകരം ചമ്രവട്ടം വഴി തിരൂരിലേക്ക് റൂട്ട് മാറ്റി എന്നാണ് വിവരം.
ബസ് സർവീസ് നിറുത്തലാക്കിയതിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം പി.കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു.