കൊടുങ്ങല്ലൂർ: ജനവാസ കേന്ദ്രത്തിൽ പ്ളാസ്റ്റിക് മാലിന്യം കത്തിക്കാൻ ഏർപ്പാടാക്കിയ സ്ഥാപന ഉടമക്കെതിരെ പൊലീസ് കേസെടുത്തു. എടവിലങ്ങ് ചന്തയിലെ കൈരളി സ്റ്റോഴ്സ് അധികൃതർക്കെതിരെയാണ് ഇതുമായി ബന്ധപ്പെട്ട നടപടി ഉണ്ടായത്. ഇവരുടെ പലചരക്ക് സ്ഥാപനത്തിൽ നിന്നുള്ള രണ്ട് ലോഡ് പ്ളാസ്റ്റിക് മാലിന്യം എത്തിച്ച് കത്തിക്കാൻ നടത്തിയ ശ്രമവുമായി ബന്ധപ്പെട്ടാണ് കേസെടുത്തത്.

എടവിലങ്ങ് പഞ്ചായത്തിലെ ശിവകൃഷ്ണപുരം ക്ഷേത്രത്തിന് സമീപത്തെ ഒരു വീടിന്റെ വളപ്പിലാണ് പ്ളാസ്റ്റിക് മാലിന്യം കത്തിച്ച സംഭവമുണ്ടായത്. പ്ളാസ്റ്റിക് മാലിന്യം കത്തിക്കുന്നത് വഴിയുണ്ടാകുന്ന വിപത്തിനെ കുറിച്ചറിയാത്ത വീട്ടുടമയ്ക്ക് പണം നൽകി പ്രലോഭിപ്പിച്ചായിരുന്നു കത്തിക്കൽ. പ്ളാസ്റ്റിക് പുകഞ്ഞ് പ്രദേശത്താകെ അസ്വസ്ഥത ഉണ്ടായതോടെ നാട്ടുകാർ തടിച്ചു കൂടുകയും വൈകാതെ ആശാവർക്കറിൽ നിന്നും വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതരും തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പഞ്ചായത്ത്, പൊലീസ് അധികൃതരും സ്ഥലത്തെത്തി, നടപടി സ്വീകരിക്കുകയായിരുന്നു.

ആരോഗ്യ വകുപ്പധികൃതരുടെ റിപ്പോർട്ട് പ്രകാരം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഥാപന ഉടമയിൽ നിന്നും രണ്ടായിരം രൂപ പിഴ ഈടാക്കിയതായി റിപ്പോർട്ടുണ്ട്. പിഴയ്ക്ക് പുറമെ ആറ് മാസം വരെ ജയിൽ ശിക്ഷ കൂടി നിർദ്ദേശിക്കപ്പെട്ടിട്ടുള്ള വകുപ്പ് പ്രകാരമാണ് കേസെന്നാണ് സൂചന.