തൃശൂർ : കാലവർഷക്കെടുതിയിൽ നശിച്ച വീടുകൾ വാസയോഗ്യമാക്കാനുള്ള ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച കുടുംബശ്രീയുടെ എറൈസ് മൾട്ടി ടാസ്‌ക് ടീമുകൾ ജില്ലയിൽ വേണ്ടത്ര ഗുണം ചെയ്തില്ല. ടെക്‌നിക്കൽ ​​- നോൺ ടെക്‌നിക്കൽ വിഭാഗങ്ങളിലായി 866 പേർക്ക് പരിശീലനം നൽകിയെങ്കിലും പുനരധിവാസ പ്രവർത്തനങ്ങളിൽ ഇവരുടെ പങ്കാളിത്തം കുറഞ്ഞു. കൂടുതൽ അംഗങ്ങൾക്ക് പരിശീലനം നൽകിയ ജില്ലകളുടെ പട്ടികയിൽ തൃശൂർ ഉൾപ്പെട്ടെങ്കിലും കൂടുതൽ പേരെ മൾട്ടി ടാസ്‌ക് ടീമുകളിലേക്ക് അംഗങ്ങളാക്കാൻ ഇവിടെ കഴിഞ്ഞില്ല.

2018ലെ പ്രളയത്തിന് ശേഷം ജീവനോപാധികൾ നഷ്ടപ്പെട്ടവർക്ക് ഉപജീവന മാർഗ്ഗം കണ്ടെത്തി നൽകുന്നതും ലക്ഷ്യമിട്ടാണ് കുടുംബശ്രീ എറൈസ് പരിശീലന പദ്ധതിക്ക് തുടക്കമിട്ടത്. കൂടുതൽ തൊഴിൽസാദ്ധ്യതയുണ്ടെന്ന് സർവേ മുഖേന കണ്ടെത്തിയ പ്ലംബിംഗ്, ഇലക്ട്രോണിക്‌സ് റിപ്പയറിംഗ്, ഇലക്ട്രിക്കൽ, ഡേ കെയർ, ഹൗസ് കീപ്പിംഗ് എന്നീ മേഖലകളിൽ പരിശീലനം നൽകി മൾട്ടി ടാസ്‌ക് ടീമുകൾ രൂപീകരിക്കുകയായിരുന്നു ലക്ഷ്യം.

ഇലക്ട്രിക്കൽ, പ്‌ളംബിംഗ് വിഭാഗങ്ങളിലായി 84 പേർക്കാണ് പരിശീലനം നൽകിയത്. ചാലക്കുടി ഐ.ടി.ഐ, തൃപ്രയാർ പോളിടെക്‌നിക്ക് എന്നിവിടങ്ങളിൽ പരിശീലനം പൂർത്തിയാക്കിയവരിൽ മൾട്ടി ടാസ്‌ക് ടീമിൽ അംഗങ്ങളായത് വെറും 12 പേരാണ്. ആകെ മൂന്ന് ഗ്രൂപ്പുകൾ. പരിശീലനം നേടിയവരിൽ ചിലർ വിവിധ കമ്പനികളിലും മറ്റും ജോലിക്ക് കയറുകയായിരുന്നു. പരിശീലന സമയത്ത് മൾട്ടി ടാസ്‌ക് ടീമുകളിലെ അംഗത്വം നിർബന്ധമാക്കാതിരുന്നതും അംഗബലം കുറയാൻ കാരണമായി. ഒക്ടോബറിൽ നടത്തിയ സർവേയ്ക്ക് ശേഷം 2018 ഡിസംബർ മുതലാണ് എറൈസ് പരിശീലന പദ്ധതി ആരംഭിച്ചത്. വിവിധ തൊഴിൽ മേഖലകളിൽ കുടുംബശ്രീ എംപാനൽ ചെയ്ത 35 ഏജൻസികൾ വഴിയാണ് ഓരോ ജില്ലയിലും പരിശീലനം നൽകിയത്. എറൈസ് ടെക്‌നീഷ്യൻ എന്ന പേരിലാണ് ടീം അംഗങ്ങൾ അറിയപ്പെടുന്നത്.

കണക്ക് ഇങ്ങനെ

കണ്ണൂർ, വയനാട്, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കോട്ടയം, എറണാകുളം, ആലപ്പുഴ എന്നീ എട്ട് ജില്ലകളിൽ ടാസ്ക് ടീമുകൾ വീടുകൾ/പൊതു ഓഫീസുകൾ എന്നിവയുടെ അറ്റകുറ്റപ്പണി ചെയ്തു. അറ്റകുറ്റപ്പണികൾക്കായി എറൈസ് ടീമുകളെ ഉപയോഗിക്കാമെന്ന ഉത്തരവ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും സർക്കാർ നൽകിയിരുന്നു. കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പ്രത്യേക അഭ്യർത്ഥന അനുസരിച്ചായിരുന്നു ഉത്തരവ്.

പരിശീലനം ലഭിച്ചവർ

ഇലക്ട്രിക്കൽ 64
പ്‌ളംബിംഗ് 20
ഹൗസ് കീപ്പിംഗ് 71
ഡേ കെയർ 139
ലോൺഡ്രി 16
കൃഷി 14
ഡാറ്റാ എൻട്രി 542

ഇലക്ട്രിക്കൽ, പ്‌ളംബിംഗ് വിഭാഗങ്ങളിൽ 84 പേർ

പക്ഷേ ടീമിൽ അംഗങ്ങളായത് 12 പേർ

ആകെ മൂന്ന് ഗ്രൂപ്പുകൾ