തൃശൂർ: ഭർത്താവിന്റെ മരണത്തോടെ ഒറ്റമുറി വീട്ടിൽ തനിച്ചായ കുറുമ്പിലാവ് പാറക്കാട്ട് വീട്ടിൽ വള്ളിയമ്മയ്ക്ക് (63) ഇനി കൂട്ടായി സമപ്രായക്കാർ. ഭർത്താവ് അയ്യപ്പൻ മരിച്ചതോടെ ചാഴൂർ മുത്തേരി ശേഖരന്റെ മകൻ വിനയന്റെ പറമ്പിൽ ഒറ്റമുറി വീട്ടിലായിരുന്നു വള്ളിയമ്മയുടെ താമസം. ജില്ലാ കളക്ടർ ഷാനവാസിന്റെ ഇടപെടലിലൂടെ രാമവർമ്മപുരം വൃദ്ധസദനത്തിലെത്തിയ വള്ളിയമ്മ ഇപ്പോൾ സന്തോഷത്തിലാണ്. വിനയന്റെ കരുണയിലായിരുന്നു വീടെന്ന് പറയാവുന്ന ഓലയും ടാർപോളിനും ചേർന്ന് മേഞ്ഞ കൂരയിൽ അയ്യപ്പന്റെയും വള്ളിയുടെയും താമസം. ഏഴ് മാസം മുമ്പ് അയ്യപ്പൻ മരിച്ചു. പഴയത് പോലെ ജോലിയെടുത്ത് ജീവിക്കാൻ വള്ളിയമ്മയ്ക്ക് പറ്റുന്നില്ല. ജീവിതം ദുരിതത്തിലായിരിക്കുമ്പോഴാണ് പ്രളയമെത്തിയത്. കനത്ത പേമാരിയിൽ വീടിന്റെ പകുതി വെള്ളത്തിലായി. അയൽക്കാർ ചേർന്ന് വള്ളിയമ്മയെ ചാഴൂർ ജി.എൽ.പി. സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാക്കി. വെള്ളം ഇറങ്ങിയപ്പോൾ കഴിഞ്ഞ ദിവസം മുതൽ ഓരോരുത്തരായി വീട്ടിലേക്ക് മടങ്ങി. വള്ളിയമ്മ ക്യാമ്പിൽ തനിച്ചായി. വിവരം ശ്രദ്ധയിൽപെട്ട ജില്ലാ കളക്ടർ വള്ളിയമ്മയുടെ ജീവിത സാഹചര്യം പഠിക്കാനും പുനരധിവാസത്തിനും നടപടിയെടുക്കാൻ തൃശൂർ റവന്യൂ ഡിവിഷണൽ ഓഫീസർ പി. വിഭൂഷണൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ പ്രദീപൻ കെ.ആർ, പഞ്ചായത്ത് അധികൃതർ എന്നിവരെ ചുമതലപ്പെടുത്തി.
കഴിഞ്ഞ ദിവസം ചാഴൂർ പഞ്ചായത്ത് പ്രസിഡന്റ് ജ്യോതി, വൈസ് പ്രസിഡന്റ് രാമചന്ദ്രൻ, സെക്രട്ടറി ജോസ് എന്നിവർ ചേർന്നാണ് വള്ളിയമ്മയെ രാമവർമ്മപുരത്തുള്ള സർക്കാർ വൃദ്ധമന്ദിരത്തിലെത്തിച്ചത്. തൃശൂർ, ഇരിങ്ങാലക്കുട ആർ.ഡി.ഒമാരുടെ ടെക്‌നിക്കൽ അസ്സിസ്റ്റന്റുരായ ബിനി സെബാസ്റ്റ്യൻ, മാർഷൽ സി. രാധാകൃഷ്ണൻ എന്നിവർ ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് വള്ളിയമ്മയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ബോദ്ധ്യപ്പെട്ടത്. വീട് വാസ യോഗ്യമല്ലാത്തതിനാൽ വള്ളിയമ്മയെ തനിച്ച് താമസിപ്പിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ഇവരുടെ റിപ്പോർട്ട്.