തൃശൂർ: കൗൺസിലർമാരെ ചട്ടം പഠിപ്പിക്കാനുളള കോർപറേഷൻ കൗൺസിൽ യോഗത്തിൽ മേയർക്ക് ചട്ടങ്ങളെഴുതിയ പുസ്തകം നൽകി പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം. ചട്ടത്തിൽ പറഞ്ഞത് ചെയ്ത് കാണിക്കണമെന്നും ബി.ജെ.പിയും യു.ഡി.എഫ് അംഗങ്ങളും ആവശ്യപ്പെട്ടു. ചട്ടങ്ങളെക്കുറിച്ച് അറിയാത്തതിനാൽ കോർപറേഷനെ സംബന്ധിച്ച് തെറ്റായ വാർത്തകൾ വരുന്നുണ്ടെന്നും, അതിനാൽ ചട്ടങ്ങൾ എന്തൊക്കെയാണെന്ന് അറിയാനാണ് അജൻഡ ചർച്ചയ്ക്ക് വയ്ക്കുന്നതെന്നായിരുന്നു ഭരണകക്ഷിയുടെ നിലപാട‌്.

പ്രതിപക്ഷ ബഹളത്തോടെയാണ് യോഗം തുടങ്ങിയത്. തെരുവുവിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് വിളക്കുകാലിൽ റീത്ത് വച്ച് പ്രതീകാത്മക സമരവുമായി ബി.ജെ.പിയിലെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി. സ്വരാജ് റൗണ്ടിലെ മേനാച്ചേരി കെട്ടിടം പൊളിക്കാൻ ചേംബറിൽ ചേർന്ന യോഗത്തിൽ തീരുമാനമെടുത്തുവെന്ന മേയറുടെ പ്രസ്താവന കള്ളമാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം എഴുന്നേറ്റു. കെട്ടിടം പൊളിക്കുന്നത് സംബന്ധിച്ച തീരുമാനമെടുത്തതിൽ തെറ്റ് പറ്റിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി മേയർ റാഫി ജോസ് പറഞ്ഞിട്ടില്ലെന്ന മേയറുടെ പ്രസ്താവനക്കെതിരെയും പ്രതിപക്ഷം രംഗത്തെത്തി. ആർജവമുണ്ടെങ്കിൽ ഡെപ്യൂട്ടി മേയർ തിരുത്തണമെന്നാവശ്യപ്പെട്ട് ബഹളം വച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല.

നൂറു കോടി രൂപ വായ്പയെടുക്കുന്നതിനുവേണ്ടിയുള്ള നടപടിയുടെ ഭാഗമായാണ് ചട്ടങ്ങൾ എന്തൊക്കെയാണെന്ന് ചൂണ്ടിക്കാണിച്ചുള്ള അജൻഡയുമായി ഭരണപക്ഷം വന്നതെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. നൂറു കോടി രൂപ വായ്പയെടുക്കാൻ അംഗീകാരം നൽകിയെന്നുള്ള തീരുമാനം അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ പറഞ്ഞു. ഒരു വർഷം മാത്രം ബാക്കിയുള്ളപ്പോൾ എന്ത് വികസനം നടത്താനാണ് ഇത്രയും വലിയ തുക വായ്പയായി എടുക്കുന്നതെന്ന് ബി.ജെ.പിയിലെ എം.എസ്. സമ്പൂർണ ചോദിച്ചു. ഒരു തെരുവുവിളക്ക് പോലും കത്തിക്കാൻ കഴിയാത്തവരാണ് നൂറു കോടി വായ്പയെടുത്ത് വികസനം നടത്താൻ പോകുന്നതെന്ന് കെ. മഹേഷും വിൻഷി അരുൺകുമാറും പറഞ്ഞു.

ഡി.പി.സി അംഗത്തിന്റെ മുറിയിൽ കോർപറേഷന്റെ ഫയലുകൾ കൊണ്ടുവയ്ക്കുന്നത് ഏത് ചട്ടത്തിലാണ് പറഞ്ഞിരിക്കുന്നതെന്ന് പ്രസാദ് ചോദിച്ചു. ഡി.പി.സി അംഗമായ മുൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തിക്ക് മൂന്ന് സ്റ്റാഫിനെ നിയമിച്ചിരിക്കുന്നതും ഏത് ചട്ടപ്രകാരമാണെന്ന് വ്യക്തമാക്കണം. മേയർ ആദ്യം ചട്ടങ്ങൾ പഠിക്കൂവെന്ന പ്രഖ്യാപനവുമായി ചട്ടങ്ങളെഴുതിയ പുസ്തകം പ്രസാദ് മേയറുടെ മേശപ്പുറത്തു വച്ചു.
താൻ പറയാത്ത കാര്യങ്ങളാണ് പുറത്തുവരുന്നതെന്ന് ബി.ജെ.പിയിലെ സി. രാവുണ്ണി പറഞ്ഞു. മേനാച്ചേരി കെട്ടിടം പൊളിക്കാൻ താൻ പറഞ്ഞിട്ടില്ല. ഭരണകക്ഷിയും കോൺഗ്രസും ഒത്തുകളിക്കുകയാണെന്നും അതിനാലാണ് അവിശ്വാസം കൊണ്ടുവരാത്തതെന്നും രാവുണ്ണി പറഞ്ഞത് കോൺഗ്രസ് അംഗങ്ങളെ ചൊടിപ്പിച്ചു. എം.എൽ. റോസി, അനൂപ് കരിപ്പാൽ, ഗ്രീഷ്മ അജയഘോഷ് തുടങ്ങിയവർ നൂറുകോടി രൂപ വായ്പയെടുക്കുന്നതിനെ അനുകൂലിച്ചു. പ്രതിപക്ഷ അംഗങ്ങളായ ഫ്രാൻസിസ് ചാലിശേരി, വത്സല ബാബുരാജ്, ജേക്കബ് പുലിക്കോട്ടിൽ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുത്തു.