എരുമപ്പെട്ടി: പ്രളയ ദുരിത ബാധിതരെ സഹായിക്കാൻ 5 ലക്ഷം രൂപയുടെ സഹായവുമായി പന്നിത്തടം കോൺകോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. ജീവകാരുണ്യ പ്രവർത്തന രംഗത്ത് മാതൃകാപരമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന കോൺകോഡ് സ്‌കൂൾ കഴിഞ്ഞ പ്രളയത്തിലും ലക്ഷക്കണക്കിന് രൂപയുടെ സഹായം നൽകിയിരുന്നു.
ഭക്ഷ്യ വസ്തുക്കളും നിത്യോപയോഗ സാധനങ്ങളും വിതരണം ചെയ്യുന്നതിനോടൊപ്പം വിദ്യാർത്ഥികൾക്ക് നോട്ടു പുസ്തകങ്ങളും നൽകുന്നുണ്ട്. കുന്നംകുളം ചൈതന്യ സ്‌പെഷ്യൽ സ്‌കൂളിലെ പ്രത്യേക പരിഗണന നൽകുന്ന വിദ്യാർഥികൾ നിർമ്മിച്ച പുസ്തകങ്ങളാണ് വിതരണം നടത്തുന്നതിനായി വാങ്ങിയത്.
ദുരിതാശ്വാസ സഹായം നൽകുന്നതിനോടൊപ്പം പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇതിന് പിറകിലുള്ളത്. നിർമ്മാണച്ചെലവ് മാത്രം ഈടാക്കി പുസ്തകങ്ങൾ നൽകി ചൈതന്യ സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളായി. ചാവക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സഫറുന്നീസ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോൺകോഡ് സ്‌കൂൾ ചെയർമാൻ പെൻകോ ബക്കർ അധ്യക്ഷനായി.
കുന്നംകുളം എ.ഇ.ഒ പി.സച്ചിദാനന്ദൻ മുഖ്യാതിഥിയായി സ്‌കൂൾ മാനേജർ ആർ.എം. ബഷീർ, ബാലസഹായ സമിതി പ്രസിഡന്റ് ലബീബ് ഹസൻ, മാദ്ധ്യമ, സാമൂഹിക പ്രവർത്തകൻ റഷീദ് എരുമപ്പെട്ടി, പ്രിൻസിപ്പൽ ബീന ഉണ്ണി എന്നിവർ സംസാരിച്ചു. ഇന്ദിര വർമ്മ, വി.എ. ഗഫൂർ, ഷബന ഫാത്വിമ, മുഹമ്മദ് ഷെരീഫ് ഹസനി എന്നിവർ നേതൃത്വം നൽകി.