കയ്പ്പമംഗലം: കുറി വട്ടമെത്തിയപ്പോൾ ചിട്ടി കമ്പനി പൂട്ടിയതോടെ ഇടപാടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ. കയ്പ്പമംഗലം വഴിയമ്പലത്ത് പ്രവർത്തിച്ചിരുന്ന ശ്രീ വിദ്യാജയലക്ഷ്മി കുറീസ് എന്ന സ്ഥാപനമാണ് ഇടപാടുകാർക്ക് പണം നൽകാതെ അടച്ചു പൂട്ടിയത്. മൂന്ന് മാസം മുമ്പ് വട്ടമെത്തിയ രണ്ട് ലക്ഷത്തിന്റെ കുറി ഇടപാടുകാർക്ക് ഈ മാസം 20 ന് പണം നൽകാമെന്ന് സ്ഥാപന ഉടമകൾ പറഞ്ഞിരുന്നു.
എന്നാൽ 19 ന് സാധാരണ പോലെ പൂട്ടിപ്പോയ സ്ഥാപനം പിന്നീട് തുറന്നിട്ടില്ല. ഇതോടെയാണ് ഇടപാടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്. 15 ഓളം പരാതികൾ ലഭിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ ചേന്ദമംഗലം കേന്ദ്രമാക്കിയാണ് കമ്പനി പ്രവർത്തിച്ചിരുന്നത്. എട്ട് വർഷമായി കയ്പ്പമംഗലത്ത് ഈ സ്ഥാപനം പ്രവർത്തിച്ചു വരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും ജീവനക്കാർ നേരിട്ടെത്തിയാണ് ചിട്ടി പിരിച്ചിരുന്നത്. തീരദേശത്തെ സാധാരക്കാരായ ആളുകളാണ് ഇടപാടുകാരായിട്ടുള്ളത്. അമ്പതിനായിരം മുതൽ 5 ലക്ഷം വരെയുള്ള തുകകൾ കിട്ടാനുള്ളവരാണ് പരാതിയുമായി രംഗത്തെത്തിയത്. അതേ സമയം കുറി വിളിച്ചെടുത്തവർ പണം തിരിച്ചടച്ചില്ലെന്നും പറയുന്നു. കയ്പ്പമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു...