കത്തികാട്ടി പണം തട്ടിയത് ജ്വല്ലറി ജീവനക്കാരനിൽ നിന്ന്

ആലപ്പാട്: കുണ്ടോളിക്കടവിൽ ജ്വല്ലറി ജീവനക്കാരനെ സംഘം ചേർന്ന് കത്തികാട്ടി ഭീഷണിപ്പെടുത്തി മൂന്ന് ലക്ഷം രൂപ കവർന്നു. കോഴിക്കോട് ചെറുകുളം ജ്വല്ലറി ജീവനക്കാരന്റെ കൈയ്യിലെ പണമാണ് അപഹരിക്കപ്പെട്ടത്. പണയത്തിലിരിക്കുന്ന സ്വർണാഭരണങ്ങൾ വീണ്ടെടുത്ത് വിൽക്കാൻ സഹായിക്കുന്ന കോഴിക്കോട് കേന്ദ്രമായുള്ള ചെറുകുളം ജ്വല്ലറി ഗ്രൂപ്പിന്റെ ജീവനക്കാരനായ തട്ടുംപുറത്ത് വീട്ടിൽ ശ്രീജിത്തിനെ (47) ആക്രമിച്ചാണ് പണം കവർന്നത്.

പണയത്തിലിരിക്കുന്ന സ്വർണം എടുത്ത് വിൽക്കാനുണ്ടെന്ന് കാട്ടി കോഴിക്കോടുള്ള ജ്വല്ലറിയിലേക്ക് ഇന്നലെയാണ് വിളി ചെന്നത്. ഇതേത്തുടർന്ന് ജ്വല്ലറിയിൽ നിന്ന് ജീവനക്കാരൻ ഇന്ന് രാവിലെ ട്രെയിനിലാണ് തൃശൂരിൽ വന്നിറങ്ങിയത്. ശക്തൻ സ്റ്റാൻഡിൽ നിന്നും ബസ് കയറിയ ഇയാളോട് പാലയ്ക്കൽ ഇറങ്ങി കാറിൽ കയറിപ്പോകാമെന്ന് വിളിച്ചയാൾ പറഞ്ഞു. കാറിൽ തങ്ങൾ പോകാറില്ലെന്നും പണയ സ്വർണം ഇരിക്കുന്ന സ്ഥാപനത്തിൽ വരാനും ജ്വല്ലറി ജീവനക്കാരനായ ശ്രീജിത്ത് പറഞ്ഞു.

കുണ്ടോളിക്കടവിലെ ഗ്രീൻ ട്രേഡേഴ്‌സ് എന്ന പണ്ടം പണയം സ്ഥാപനത്തിനു മുന്നിൽ കാത്തു നിന്ന ശ്രീജിത്തിനടുത്ത് വന്നുനിന്ന കാറിൽ നിന്ന് ഇറങ്ങിയ യുവാവ് പണം പിടിച്ചു വാങ്ങാൻ ശ്രമിച്ചു. കുതറിയോടി പണമിടപാട് സ്ഥാപനത്തിൽ കയറിയ ഇയാളെ കാറിൽ ഉണ്ടായിരുന്ന മറ്റ് അഞ്ചോളം പേർ ചേർന്ന് ബലമായി കീഴ്പെടുത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി അരയിൽ വച്ചിരുന്ന 3 ലക്ഷം രൂപ കൈവശപ്പെടുത്തുകയായിരുന്നുവെന്ന് ശ്രീജിത്ത് പറഞ്ഞു.

സംഭവത്തെ തുടർന്ന് തൃശൂർ പൊലീസ് മേധാവി കെ.പി. വിജയകുമാറിന്റെ നേതൃത്തിൽ അന്തിക്കാട് സി.ഐ: പി.കെ. മനോജ് കുമാർ, എസ്.ഐ: കെ.ജെ. ജിനേഷ് എന്നിവർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ പ്രതികളെ കുറച്ച് പൊലീസിനു വിവരം ലഭിച്ചതായി സൂചനയുണ്ട്. സമാന രീതിയിൽ പിടച്ചു പറി നടത്തുന്ന സ്ഥിരം ഗുണ്ടാസംഘങ്ങളെ ചുറ്റിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.