തൃശൂർ : ഒല്ലൂർ സി.ഐ, സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവർക്കെതിരെ പരാതി ഉന്നയിച്ചതിന്റെ വൈരാഗ്യത്താൽ കള്ളക്കേസിൽ പ്രതി ചേർത്ത് ജയിലിലടച്ചുവെന്നാരോപിച്ചും നഷ്ടപരിഹാരം ആവശ്യപ്പെട്ടും പൊലീസിനെതിരെ ഫയൽ ചെയ്ത ഹർജി തള്ളി. നടത്തറ വില്ലേജ് മൈനർ റോഡിൽ ചിറ്റിലപ്പിള്ളി ഡേവിസ് സർക്കാരിനും, സിറ്റി പൊലീസ് കമ്മിഷണർ ഉൾപ്പെടെയുള്ളവർക്കെതിരെ ഫയൽ ചെയ്ത ഹർജിയാണ് തൃശൂർ രണ്ടാം അഡീഷണൽ മുൻസിഫ് ബിജു വി.ജി തള്ളിയത്. 2004 ലായിരുന്നു സംഭവം. ഓട്ടോറിക്ഷ ഓടിച്ചു വന്നിരുന്ന ചുങ്കൻ വീട്ടിൽ റപ്പായിയെ ഒല്ലൂരിലെ ഹോട്ടലിന് മുൻവശത്ത് സാമൂഹികവിരുദ്ധർ തടഞ്ഞു നിർത്തി ഉപദ്രവിച്ച് ഓട്ടോറിക്ഷ കവർന്നിരുന്നു. തുടർന്ന് റപ്പായിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡേവിസിനെ സംഭവത്തിൽ പ്രതിയാക്കി റിമാൻഡ് ചെയ്തിരുന്നു.
പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ പരാതി കൊടുത്തതിന്റെ വൈരാഗ്യത്തിൽ പ്രതി ചേർത്തതാണെന്ന് പറഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഹൈക്കോടതി ഉത്തരവ് പ്രകാരം പുനരന്വേഷണം നടത്തി ഡേവിസിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കി. ഇതിന് ശേഷം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർജി നൽകിയത്. എന്നാൽ പൊലീസ് ഉദ്യോഗസ്ഥർ ജോലിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പ്രതി ചേർത്തതെന്ന പ്രൊസിക്യൂഷൻ വാദം കോടതി അംഗീകരിച്ച് നഷ്ടപരിഹാര ഹർജി തള്ളുകയായിരുന്നു. പ്രോസിക്യൂഷനായി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ കെ.എൻ. വിവേകാനന്ദൻ, അഭിഭാഷകരായ പൂജ വാസുദേവൻ, അമൃത കെ, ചിന്തു പി.എസ് എന്നിവർ ഹാജരായി.