പഴുവിൽ: പള്ളിനട ബസ് സ്റ്റോപ്പിൽ വിദ്യാർത്ഥികളെ കണ്ടാൽ ബസ് നിറുത്തുന്നില്ലെന്ന് പരാതി. സ്‌കൂളുള്ള ദിവസങ്ങളിൽ വൈകിട്ട് നാല് മുതൽ അഞ്ച് വരെയുള്ള സമയങ്ങളിലാണ് ബസ് സ്റ്റോപ്പിൽ നിറുത്താതെ മുന്നോട്ടു നീക്കിയും പിന്നോട്ട് ഇറക്കിയും ബസ് ഡ്രൈവർ ആളുകളെ ഇറക്കുന്നത്. പഴുവിൽ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറിയിലെയും ഹൈസ്‌കൂളിലെയും വിദ്യാർത്ഥികൾ ബസ് ലഭിക്കുന്നതിനായി മുന്നോട്ടും പിന്നോട്ടും ഓടുന്നത് പതിവ് കാഴ്ചയാണ്. മുന്നിൽ പോകുന്ന ബസ് കുട്ടികളെ കയറ്റാത്തത് മൂലം പിറകിൽ വരുന്ന ബസുകൾക്ക് ലോഡ് കൂടുന്നുണ്ട്. വിദ്യാർത്ഥികളുടെ ഇടയിൽ ബസ് കാത്ത് നിൽക്കുന്ന മുതിർന്നവരും ഇതോടെ ബുദ്ധിമുട്ടിലായി. വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് പൊലീസിന് പരാതി നൽകാൻ ഒരുങ്ങിയിരിക്കുകയാണ് സ്‌കൂൾ പി.ടി.എ.