കൊടുങ്ങല്ലൂർ: നഗരത്തിലെ വടക്കെ നടയിൽ വാഹനങ്ങളുടെ പാർക്കിംഗ് സെപ്തംബർ മുതൽ നിരോധിക്കാൻ മുനിസിപ്പൽ കൗൺസിൽ യോഗം തീരുമാനിച്ചു. സ്റ്റേറ്റ് ബാങ്ക് കോടതി പരിസരം മുതൽ വടക്കോട്ട് ക്രാങ്കനൂർ ജ്വല്ലറി വരെയും പടിഞ്ഞാറ് ഭാഗത്ത് പൊലീസ് മൈതാനം മുതൽ വില്ലേജ് ഓഫീസ് വരെയുമാണ് പാർക്കിംഗ് നിരോധിച്ചത്.
ടാക്‌സി സ്റ്റാൻഡിലുള്ള കാറുകൾക്കും മറ്റ് വാഹനങ്ങൾക്കും നിരോധനം ബാധകമാക്കില്ല. ട്രാഫിക്ക് റഗുലേറ്ററി കമ്മിറ്റി യോഗം നേരത്തെ ഇവിടുത്തെ പാർക്കിംഗ് നിരോധിക്കാൻ ശുപാർശ ചെയ്തിരുന്നു. നഗരസഭ ചെയർമാൻ മുൻകൈയെടുത്ത് വടക്കെനടയിലെ കച്ചവടക്കാരുടെ കൂടി സഹകരണം ഉറപ്പാക്കി, നഗരത്തിൽതന്നെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പേ പാർക്കിംഗിന് സൗകര്യമേർപ്പെടുത്തിയിരുന്നു. നഗരത്തിലെ പാർക്കിംഗ് സംവിധാനത്തിൽ മുഴുവൻ ജനങ്ങളുടെയും സഹായ സഹകരണമുണ്ടാകണമെന്ന് ചെയർമാൻ അഭ്യർത്ഥിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ആഗസ്റ്റ് 24 ന് വൈകീട്ട് 3ന് നഗരസഭ ഓഫീസിൽ സർവ്വകക്ഷി യോഗം വിളിച്ചു ചേർത്തിട്ടുണ്ടെന്നും കൗൺസിൽ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് ചെയർമാൻ കെ.ആർ ജൈത്രൻ അറിയിച്ചു.