കൊടുങ്ങല്ലൂർ: അനധികൃത മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് ഫിഷറീസ് വകുപ്പ് പിടികൂടി, പിഴയിട്ടു. കുളച്ചൽ സ്വദേശിയായ പീറ്റർ സിൽവായുടെ ഉടമസ്ഥതയിലുള്ള ഹോളിഡെയ്‌സ് എന്ന മത്സ്യബന്ധന ബോട്ടാണ് ഫിഷറീസ് വകുപ്പ് പിടികൂടിയത്. ഇവരോട് 2.75 ലക്ഷം രൂപ പിഴയടയ്ക്കാൻ ഉത്തരവിട്ടിട്ടുണ്ട്.
രജിസ്‌ട്രേഷനോ ലൈസൻസോ ഇല്ലാത്ത ബോട്ടിൽ തൊഴിലാളികൾക്കാവശ്യമായ സുരക്ഷാ ഉപകരണങ്ങളൊന്നും തന്നെ ബോട്ടിൽ ഉണ്ടായിരുന്നില്ല. കേരളത്തിലെ മത്സ്യബന്ധന യാനങ്ങളുടെ കളർകോഡ് ഓറഞ്ചും നീലയും നിറമാണ്. കേരളത്തിലെ മത്സ്യ ബന്ധന യാനങ്ങളുടെ കളർ കോഡിലാണിവരും മത്സ്യബന്ധനം നടത്തിയിരുന്നത്.
തമിഴ്‌നാട് സർക്കാരിന്റെ രജിസ്‌ട്രേഷനോ ലൈസൻസോ ലഭിക്കാതെ വരുന്ന യാനങ്ങൾക്ക് ജില്ലയിലെ ചില കേന്ദ്രങ്ങളിൽ ഇത്തരത്തിലുള്ള കളർകോഡിംഗ് നടത്തിക്കൊടുക്കുന്ന ബോട്ട് ബിൽഡിംഗ് യാർഡുകളുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് ബോട്ടുകളുടെ പരിശോധന സംഘടിപ്പിച്ചത്. പരിശോധനയ്ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.വി.സുഗന്ധകുമാരി നേതൃത്വം നൽകി.
അഴീക്കോട് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ വി. പ്രശാന്തൻ, ലൈഫ് ഗാർഡുമാരായ അൻസാർ, ഫസൽ, പ്രസാദ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. ഈ ബോട്ടിനെതിരെ നിയമാനുസൃത നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് ഇവർ വ്യക്തമാക്കി
ശക്തമായ നടപടി
നിയമാനുസൃതമല്ലാതെ കളർകോഡിംഗ് നടത്തിക്കൊടുക്കുന്ന ബോട്ട് ബിൽഡിംഗ് യാർഡുകളെ സംബന്ധിച്ച സൂചനകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അതിനെതിരെ ശക്തമായ നടപടികൾ എടുക്കും.
- കെ.വി. സുഗന്ധകുമാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ