director-kamal

കൊടുങ്ങല്ലൂർ: ബി.ജെ.പി ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, മണ്ഡലം പ്രസിഡന്റ് എം.ജി പ്രശാന്ത് ലാൽ തുടങ്ങീ 12 ഓളം പേർ കൊടുങ്ങല്ലൂർ കോടതിയിൽ കോടതി പിരിയും വരെ തടവ് അനുഭവിച്ചു. തിയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾക്കിടെ സിനിമാ സംവിധായകൻ കമലിന്റെ വീട്ടിലേക്ക് ബി.ജെ.പി പ്രവർത്തകർ നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെന്ന നിലയിലാണ് ഇവർ തടവ് അനുഭവിച്ചത്. കോടതി പിരിയും വരെ തടവിന് പുറമെ, 750 രൂപ വീതം പിഴയും ശിക്ഷ വിധിച്ചാണ് കോടതി ഈ കേസ് തീർപ്പാക്കിയത്. ഇത് പ്രകാരം എ. നാഗേഷ് ഉൾപ്പെടെയുള്ളവരെല്ലാം പിഴയും അടച്ചു. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി എൽ.കെ മനോജ്, സെക്രട്ടറിമാരായ കെ.എ സുനിൽകുമാർ, എം.യു ബിനിൽ, യുവമോർച്ച മണ്ഡലം കെ.എസ് ശിവറാം, സതീഷ് ആമണ്ടൂർ, ഐ.ആർ ജ്യോതി, ലാലൻ, ഉദയൻ, റക്‌സൺ തോമസ് എന്നിവരെയാണ് കൊടുങ്ങല്ലൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, ശിക്ഷിച്ചത്.