തൃശൂർ: ദ്രാവിഡ കലാ സാംസ്‌കാരിക വേദിയുടെ മഹാത്മാ അയ്യങ്കാളി കർമ്മ ശ്രേഷ്ഠ പുരസ്‌കാരം രമ്യ ഹരിദാസ് എം.പിക്ക് സമ്മാനിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കായി നടത്തുന്ന പ്രവർത്തനങ്ങൾ പരിഗണിച്ചാണിത്. 10,001 രൂപയും മൊമെന്റോയും അടങ്ങുന്ന പുരസ്‌കാരം 28ന് സാഹിത്യ അക്കാഡമി ചങ്ങമ്പുഴ ഹാളിൽ നടക്കുന്ന ചടങ്ങിൽ വി.ഡി. സതീശൻ എം.എൽ.എ രമ്യ ഹരിദാസിന് സമ്മാനിക്കും. 2019ൽ എസ്.എസ്.എൽ.സി, പ്‌ളസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ജില്ലയിലെ പട്ടികജാതി/പട്ടിക വർഗ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്കുള്ള ഡോ. അംബേദ്ക്കർ അക്ഷര പുരസ്‌കാരവും ചടങ്ങിൽ വിതരണം ചെയ്യും. ഭാരവാഹികളായ കെ.സി. സുബ്രഹ്മണ്യൻ, വി.കെ. ദാസൻ, എ.പി. കൃഷ്ണൻ, പി.ടി. രവീന്ദ്രൻ, ശിവകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.