മാളയിലെ സ്ഥാപനത്തിലെത്തി ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം
മാള: പീഡന പരാതി നൽകി പണം തട്ടുന്ന ദമ്പതികളുടെ കള്ളി വെളിച്ചത്തായി. സ്ഥാപനത്തിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ സംഭവ ദിവസം സ്ഥാപനം അവധിയായിരുന്നുവെന്ന കണ്ടെത്തലാണ് കള്ളം പൊളിച്ചത്. അതിനിടെ തെറ്റായ പരാതി നൽകിയതിനും സാക്ഷി പറഞ്ഞവർക്കും എതിരെ നിയമനടപടി സ്വീകരിച്ചേക്കും. ഇത്തരത്തിൽ ഭീഷണിപ്പെടുത്തി ഇവർ നിരവധി പേരിൽ നിന്ന് പണം തട്ടിയെന്ന സൂചനയും ഇതോടെ ലഭിച്ചു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു പരാതി കോടതിയിലെത്തിയതോടെ പ്രതിയെ കസ്റ്റഡിയിലെടുക്കാനെത്തിയപ്പോഴാണ് സംഭവത്തിന്റെ ക്‌ളൈമാക്‌സ് പുറത്തറിയുന്നത്. സംഭവം ഇങ്ങനെ : മാളയിലെ ഒരു സ്ഥാപനത്തിൽ എത്തി മാള സ്വദേശികളായ ഭാര്യയും ഭർത്താവും മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. പണം നൽകാതായപ്പോൾ ഇയാൾ ഭീഷണിപ്പെടുത്തി. സ്ഥാപനത്തിലെത്തിയ സ്ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി ചാലക്കുടി കോടതിയിൽ ക്രിമിനൽ നടപടിക്രമം 190 അനുസരിച്ച് പരാതി നൽകി. മാനേജിംഗ് ഡയറക്ടർക്കെതിരെ നൽകിയ പരാതിയിൽ അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകി.
നിയമ നടപടികൾക്കായി സ്ഥാപനത്തിൽ പരാതിക്കാരിയുമായി പൊലീസ് കഴിഞ്ഞ ദിവസം എത്തി. പരാതിക്കാരിയും ഭർത്താവും കൂടി സാക്ഷികളെ എത്തിച്ച് പൊലീസിനെ കൊണ്ട് നടപടിയെടുപ്പിക്കാൻ ശ്രമിച്ചു. രജിസ്റ്റർ പരിശോധിച്ചപ്പോഴാണ് പൊലീസും പരാതിക്കാരും വ്യാജ സാക്ഷികളും ഞെട്ടിയത്. പരാതിക്കാരി പറഞ്ഞ തിയതിയിൽ ഞായറാഴ്ച സ്ഥാപനം അവധിയാണെന്ന് ബോദ്ധ്യപ്പെട്ടു. തുടർന്ന് പരാതി വ്യാജമാണെന്ന് കണ്ടെത്തി എഴുതിത്തള്ളാൻ പൊലീസ് നടപടി സ്വീകരിക്കുകയായിരുന്നു. വ്യാജമായ പാരാതികൾ സ്ഥിരമായി നൽകുന്ന ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് നേരത്തെ ജില്ലാ പൊലീസ് മേധാവിയുടെ നിർദേശം ഉണ്ടായിരുന്നു. ഇത്തരത്തിൽ ഒരു പരാതിയിൽ ഭർത്താവിനെ നേരത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ ശാസിച്ചിട്ടുണ്ട്. പൊലീസുകാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരികൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ നിരവധി മേഖലകളിലുള്ളവരെ ഭീഷണിപ്പെടുത്തി പണം തട്ടിയിട്ടുണ്ടെന്നാണ് സൂചന. മാനഹാനിയുണ്ടാകും എന്നതിനാൽ പലരും പണം കൊടുത്ത് അവസാനിപ്പിക്കുകയാണ് പതിവ്. രംഗം പന്തിയല്ലെന്ന് കണ്ട് ഈ ദമ്പതികൾ മുഖ്യമന്ത്രി, ഡി.ജി.പി അടക്കമുള്ളവരെയും കോടതിയെയുമാണ് സമീപിച്ചതായും സൂചനയുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിന് വടമ സ്വദേശിയായ കർണൽസിങ് ഇയാൾക്കെതിരെ ക്രിമിനൽ കേസ് നൽകിയിട്ടുണ്ട്.