തൃശൂർ: പെരുമഴയും ഉരുൾപൊട്ടലും ദുരന്തം വിതയ്ക്കുന്ന സാഹചര്യത്തിൽ സുരക്ഷാ ഭീഷണിയുള്ള പ്രദേശങ്ങളിൽ പ്രത്യേക സംഘം പരിശോധന തുടങ്ങി. സുരക്ഷാഭീഷണിയുള്ള പ്രദേശങ്ങളുടെ പട്ടികയിൽ ദേശീയ ദുരന്തനിവാരണ അതോറിറ്റി ഉൾപ്പെടുത്തിയതും തദ്ദേശസ്ഥാപനങ്ങൾ നൽകിയ ലിസ്റ്റ് പ്രകാരമുള്ള പ്രദേശങ്ങളിലുമാണ് പരിശോധന നടത്തിയത്. സംസ്ഥാനതലത്തിൽ രൂപീകരിച്ച 50 ടീമുകളിൽ അഞ്ചെണ്ണമാണ് ജില്ലയിൽ പരിശോധ നടത്തുന്നത്. ഒരു മണ്ണു സംരക്ഷണ ഓഫീസറും ഒരു ജിയോളജിസ്റ്റും ഉൾപ്പെടുന്നതാണ് സംഘം. അടുത്ത ചൊവ്വാഴ്ചക്കുള്ളിൽ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറും.
ഉരുൾപൊട്ടൽ മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് പത്തോളം പ്രദേശങ്ങളിൽ നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. കഴിഞ്ഞപ്രളയകാലത്ത് സുരക്ഷാ ഭീഷണിയുണ്ടായ പ്രദേശങ്ങളാണിത്. ചേലക്കര കോളനി, നടത്തറയിലെ വട്ടപ്പാറ, പുത്തൻകാട് ഉൾപ്പെടെ ദേശീയ ദുരന്തനിവാരണ അതോറിറ്റി പത്തോളം സ്ഥലങ്ങളാണ് സുരക്ഷാ ഭീഷണിയുള്ളതായി കണ്ടെത്തിയിട്ടുള്ളത്. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, ഭൂജല- മണ്ണ് സംരക്ഷണ വകുപ്പ് എന്നിവയുടെ ജില്ലാതല ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടാത്ത സ്ഥലങ്ങളിൽക്കൂടി പരിശോധന നടത്തണമെങ്കിൽ വിവരം കൈമാറാൻ ഒരാഴ്ച മുമ്പ് ജില്ലാ മണ്ണുപരിശോധന ഓഫീസർ പി.ഡി. സിന്ധു തദ്ദേശസ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഇന്നലെയും നിരവധി അപേക്ഷകൾ ലഭിച്ചു.
ഭീഷണിയുള്ള പ്രദേശങ്ങൾ
ചേലക്കര പഞ്ചായത്തിലെ പറക്കുന്ന് കോളനി
പോർക്കുളം പരിയാരത്തെ ഐ.എസ്.ഡി.പി കോളനി
കൊണ്ടാഴിയിലെ മേലേമുറി
പുത്തൻചിറയിലെ അംബേദ്ക്കർ കോളനി
നടത്തറ ചാളിക്കുന്ന്
ഭീഷണിയെ തുടർന്ന് ഒഴിപ്പിച്ച കുടുംബങ്ങൾ തിരികെ വീടുകളെത്തി താമസം തുടങ്ങിയിട്ടുണ്ട്. സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷമേ ഈ സ്ഥലം വാസ യോഗ്യമാണോയെന്ന് ഉറപ്പാക്കാനാകൂ. പി.ഡി. സിന്ധു (ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ)
പരിശോധിച്ചത് 49 കേന്ദ്രങ്ങൾ
ഉരുൾപൊട്ടലിന് കാരണങ്ങൾ ഇവ
അനധികൃതമായ ഭൂ വിനിയോഗം
തെറ്റായ കാർഷിക രീതികൾ
ചരിവുകളിലും മലകളിലും അക്വേഷ്യ പോലുള്ള വേരുകൾ മണ്ണിലേക്ക് ഇറങ്ങാത്ത മരങ്ങളുടെ സാന്നിദ്ധ്യം
അശാസ്ത്രീയമായ രീതിയിൽ മണ്ണെടുത്ത പ്രദേശങ്ങൾ (പാണഞ്ചേരി തമ്പുരാട്ടിപ്പടിയിൽ മണ്ണിടിച്ചിൽ ഇതുമൂലം)