കൊടുങ്ങല്ലൂർ: നഗരത്തിലെ ചന്തപ്പുര സിഗ്നൽ ജംഗ്ഷന് സമീപത്തെ കൊച്ചിൻ മജ്‌ലിസ് റസ്റ്റോറന്റിന്റെ പ്രവർത്തനം നിറുത്തി വയ്ക്കുവാൻ നഗരസഭ നോട്ടീസ് നൽകി. ഹോട്ടൽ താൽക്കാലികമായി അടച്ച് പൂട്ടി.
ഹോട്ടലിലെ മലിനജലവും മറ്റും തുറസായ സ്ഥലത്തേയ്ക്ക് തുറന്ന് വിടുന്നതായും പരിസരം വൃത്തികേടായി, ദുർഗന്ധപൂരിതമാകുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് നടപടിയുണ്ടായത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നഗരസഭാ ചെയർമാൻ കെ.ആർ.ജൈത്രൻ നഗരസഭാ ആരോഗ്യ വിഭാഗത്തെ അടിയന്തര അന്വേഷണത്തിന് ചുമതലപ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവിടെ ശരിയായ മാലിന്യ സംസ്കരണ സംവിധാനങ്ങളില്ലെന്ന് കണ്ടെത്തുകയുണ്ടായി. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജെയിംസ്, ഐ.വി. രാജീവ്, നെജ്മ എന്നിവരുടെ നേതൃത്വത്തിലെത്തിയ ഹെൽത്ത് സ്ക്വാഡ് തയ്യാറാക്കിയ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഗരസഭാ സെക്രട്ടറി ടി.കെ.സുജിത് സ്ഥാപനത്തിന്റെ പ്രവർത്തനം നിറുത്തി വയ്ക്കുവാൻ നോട്ടീസ് നൽകുകയായിരുന്നു.
നഗരസഭാ പ്രദേശത്ത് ശുചിത്വം ഉറപ്പാക്കാനും ഭക്ഷണത്തിനായി ഹോട്ടലുകളെ ആശ്രയിക്കുന്നവർക്ക് നിലവാരമുള്ള ഭക്ഷണം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാനും ഹോട്ടലുകൾ കേന്ദ്രീകരിച്ചുള്ള പരിശോധന തുടരുമെന്നും ചെയർമാൻ പറഞ്ഞു.