കൊടുങ്ങല്ലൂർ: ദിവസം 10 ലിറ്റർ പാൽ അളക്കുന്ന രണ്ടു പശുക്കളുള്ള കൃഷിക്കാർക്ക് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പ്രതിദിനം 271 രൂപ നൽകുമെന്ന് നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. ഇതിന് രണ്ടു പശുക്കളെയും ഇൻഷൂർ ചെയ്യണം. വർഷത്തിൽ പരമാവധി 100 ദിവസം ഈ ആനുകൂല്യം ലഭിക്കും. കഴിഞ്ഞ പ്രളയത്തിൽ ദുരിതമനുഭവിച്ച കൃഷിക്കാർക്ക് ആടുവളർത്തലിന് 60,000 രൂപ മൃഗ സംരക്ഷണ വകുപ്പ് വഴി നടപ്പിലാക്കും. ക്ഷീരസംഘത്തിൽ പാൽ അളക്കുന്ന കർഷകർക്ക് ലിറ്ററിന് നാല് രൂപ നിരക്കിൽ വർഷം പരമാവധി 40,000 രൂപ വരെ നൽകും. ഇതിനായി ഈ വർഷം നഗരസഭ പത്ത് ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ആവശ്യമെങ്കിൽ ഇനിയും സഖ്യനീക്കി വയ്ക്കുമെന്നും ചെയർമാൻ അറിയിച്ചു. പ്രളയത്തിൽ ദുരിതമനുഭവിച്ച ക്ഷീരകർഷകർക്ക് കൊടുങ്ങല്ലൂർ നഗരസഭ മൃഗസംരക്ഷണ വകുപ്പുമായി ചേർന്നു് വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കന്നുകാലികൾക്കുള്ള മരുന്നുകൾ, കാലിത്തീറ്റ, ധാതുലവണ മിശ്രിതങ്ങൾ, വിറ്റാമിനുകൾ എന്നിവയാണ് നൽകിയത്. കൊടുങ്ങല്ലൂർ മൃഗാശുപത്രിയിൽ നടന്ന ചടങ്ങിൽ ഡോ.പി.കെ. പുഷ്ക്കരൻ അദ്ധ്യക്ഷത വഹിച്ചു.