വടക്കേക്കാട്: പഞ്ചായത്ത് ഭരണസമിതിയോടുള്ള ഭിന്നത മൂലം പുന്നയൂർ പഞ്ചായത്ത് പത്താം വാർഡ് മെമ്പർ ടി.എം. ഹസ്സൻ കോൺഗ്രസിൽ നിന്നും കൂറുമാറി സി.പി.എമ്മിൽ ചേർന്നു. കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ രഹസ്യ പിന്തുണയോടെ വിമതനായി മത്സരിച്ചായിരുന്നു ഹസ്സൻ ജയിച്ചത്. പിന്നീട് യു.ഡി.എഫിൽ ചേർന്നു. രാജി വച്ച് സി.പി.എമ്മിൽ എത്തിയ ഹസ്സൻ ഉച്ചയ്ക്ക് ശേഷം നടന്ന പഞ്ചായത്ത് ബോർഡ് യോഗത്തിൽ ഇടത് മെമ്പർമാരോടൊപ്പമാണ് പങ്കെടുത്തത്. ഇതോടെ പുന്നയൂർ പഞ്ചായത്തിൽ യു.ഡി.എഫിന് 11ഉം എൽ.ഡി.എഫിന് ഒമ്പതും ആയി കക്ഷി നില. പഞ്ചവടിയിലെ സി.പി.എം ഓഫീസിൽ നടന്ന പരിപാടിയിൽ സി.പി.എം തൃശൂർ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. അബ്ദുൾഖാദർ എം.എൽ.എ, ടി.വി. സുരേന്ദ്രൻ എന്നിവർ ചേർന്ന് ഹസ്സനെ ചുവന്ന ഷാളണിയിച്ച് സ്വീകരിച്ചു.