terrorism

കൊടുങ്ങല്ലൂർ: കോയമ്പത്തൂരിൽ തമ്പടിച്ച ലഷ്‌കർ സംഘത്തിലുണ്ടെന്നു കരുതപ്പെടുന്ന കൊടുങ്ങല്ലൂർ സ്വദേശി റഹിമിനെക്കുറിച്ച് കേരള പൊലീസ് അന്വേഷണം തുടങ്ങി. മാടവന ഗ്രാമ വ്യവസായ സംഘത്തിനു പടിഞ്ഞാറ് കൊല്ലീൽ കുടുംബാംഗായ റഹീം (35) ആണ് ഇയാളെന്നാണ് പൊലീസ് നിഗമനം.

ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇന്നലെ ഇവിടെയെത്തി വിവരങ്ങൾ ശേഖരിച്ചു.

കുറച്ചു വർഷം ബഹ്റൈനിൽ ബിസിനസ് നടത്തി സാമ്പത്തിക ബാധ്യതകളിൽപ്പെട്ട റഹിം ഒരു മാസം മുമ്പ് എറണാകുളത്ത് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. വർക് ‌ഷോപ്പ് നടത്തി പൊളിഞ്ഞ റഹിം വീണ്ടും ബഹ്റൈനിലേക്ക് പോവുകയായിരുന്നത്രേ. എന്നാൽ ദുബായിലേക്കു പോകുന്നു എന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. ആരുമായും അധികം അടുക്കാത്ത പ്രകൃതക്കാരനായിരുന്നെന്ന് പ്രദേശവാസികൾ പറയുന്നു.

മൂന്നു ദിവസം മുമ്പ് ഇയാൾ പിതാവുമായി ഫോണിൽ സംസാരിച്ചപ്പോൾ അടുത്ത ദിവസം നാട്ടിലേക്കു വരുന്നതായി പറഞ്ഞിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. ബഹ്റൈനിൽ ബിസിനസ് നടത്തിയിരുന്ന സമയത്തു പോലും റഹിം കുടുംബാംഗങ്ങളുമായി അടുപ്പം പുലർത്തിയിരുന്നില്ല. സ്വകാര്യ ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് ആയ ഭാര്യയുടെ ശമ്പളമാണ് കുടുംബത്തിന്റെ ഏക വരുമാനം.