gvr-swarnakolam-seeveli

ഗുരുവായൂർ: അഷ്ടമിരോഹിണി ദിനത്തിൽ കണ്ണനെ ദർശിക്കാൻ ഗുരുവായൂരിൽ പതിനായിരങ്ങൾ. രാവിലെ മുതൽ ദർശനത്തിന് വൻ ഭക്തജനതിരക്കായിരുന്നു. ക്ഷേത്രത്തിൽ രാവിലെയും ഉച്ചകഴിഞ്ഞും കാഴ്ച്ചശീവേലിയും രാത്രി വിളക്കെഴുന്നള്ളിപ്പും നടന്നു. സ്വർണ്ണക്കോലത്തിന്റെ അകമ്പടിയിലായിരുന്നു മൂന്നു നേരവും എഴുന്നള്ളിപ്പ്.

രാവിലത്തെ ശീവേലിക്ക് പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചാരിമേളവും, ഉച്ചകഴിഞ്ഞ് കാഴ്ച്ചശീവേലിക്ക് ചോറ്റാനിക്കര സത്യനാരായണ മാരാരുടെ പ്രമാണത്തിലും രാത്രി വിളക്കെഴുന്നള്ളിപ്പിന് ചോറ്റാനിക്കര വിജയന്റെ പ്രമാണത്തിലും പഞ്ചവാദ്യം അകമ്പടിയായി. സന്ധ്യക്ക് തായമ്പക നടന്നു. അഷ്ടമി രോഹിണി ദിനത്തിലെ പ്രധാന വഴിപാടായ നെയ്യപ്പം രാത്രി അത്താഴപൂജയ്ക്ക് ഭഗവാന് നിവേദിച്ചു. രാത്രി പത്തോടെയായിരുന്നു ഇന്നലെ അത്താഴപൂജ. തുടർന്ന് വിളക്കെഴുന്നള്ളിപ്പ് നടന്നു. കണ്ണന്റെ പിറന്നാളിനോടനുബന്ധിച്ച് ഇന്നലെ ക്ഷേത്രത്തിൽ നടന്ന പിറന്നാൾ സദ്യയിൽ ഇരുപത്തയ്യായിരത്തിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. വൈകീട്ട് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഈ വർഷത്തെ ഗുരുവായൂരപ്പൻ ക്ഷേത്രകലാ പുരസ്‌കാരം കലാമണ്ഡലം ഗോപിക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സമ്മാനിച്ചു. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് അദ്ധ്യക്ഷനായി. തുടർന്ന് കലാമണ്ഡലം ഗോപിയും ഇളയിടം ശങ്കരൻ നമ്പൂതിരിയും ചേർന്ന് അവതരിപ്പിച്ച നവരസാഭിനയം, ജ്യോതിദാസിന്റെ അഷ്ടപദി എന്നിവ അരങ്ങേറി. രാത്രി ഗുരുവായൂർ ദേവസ്വം ക്ഷേത്ര കലാനിലയം അവതരിപ്പിച്ച കൃഷ്ണനാട്ടത്തിലെ അവതാരം കളിയും ഉണ്ടായി.

രാവിലെ താലപ്പൊലിയുടെ അകമ്പടിയിൽ ഘോഷയാത്രകളും ഉറിയടിയും ജീവത എഴുന്നള്ളത്തും ക്ഷേത്ര നഗരിയിലെത്തിയപ്പോൾ ഗുരുപവനപുരി അക്ഷരാർത്ഥത്തിൽ വൃന്ദാവനമായി. മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ നായർ സമാജത്തിന്റെ നേതൃത്വത്തിലുള്ള അഷ്ടമി രോഹിണി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലും പെരുന്തട്ട ക്ഷേത്രത്തിൽ നിന്നും ശിവകൃഷ്ണ ഭക്തസേവാ സംഘത്തിന്റെ ആഭിമുഖ്യത്തിലുമായിരുന്നു ക്ഷേത്രത്തിലേക്ക് ഘോഷയാത്രകൾ നടന്നത്. നെന്മിനി ബലരാമ ക്ഷേത്രത്തിൽ നിന്നും ഗുരുവായൂർ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിപ്പും ഉണ്ടായിരുന്നു.