തൃശൂർ: കാർമേഘങ്ങൾ പരന്ന സായംസന്ധ്യയിൽ നഗരവീഥികൾ കാർമുകിൽ വർണ്ണന്റെ സ്തുതികളാൽ നിറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ബാഗോകുലത്തിന്റെ നേതൃത്വത്തിൽ നഗരത്തിൽ നടന്ന മഹാശോഭാ യാത്ര വർണാഭമായി. അഞ്ചേരി, കുട്ടനെല്ലൂർ, വളർക്കാവ്, ചേലക്കോട്ടുകര, കിഴക്കുംപാട്ടുകര, നെല്ലങ്കര, മുക്കാട്ടുകര, ചെമ്പൂക്കാവ്, കീരംകുളങ്ങര, കണ്ണംകുളങ്ങര, അയ്യന്തോൾ, പുതൂർക്കര, പൂങ്കുന്നം, കാനാട്ടുകര തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ശോഭായാത്രകളാണ് നഗരത്തിൽ സംഗമിച്ചത്. രാധാവേഷമണിഞ്ഞ കുട്ടികൾക്കൊപ്പം അകമ്പടിയായി നീങ്ങിയ 20ഓളം നിശ്ചലദൃശ്യങ്ങൾ മഹാശോഭാ യാത്രയ്ക്ക് മാറ്റേകി.
കാളിയമർദ്ദനം, ഗരുഡന്റെ മുകളിലിരിക്കുന്ന കൃഷ്ണനും രാധയും, കുചേലൻ, പശുവിനോടൊപ്പമുള്ള ഉണ്ണിക്കണ്ണൻ, ശ്രീകോവിലിനുള്ളിൽ ഓടക്കുഴലൂതി നിൽക്കുന്ന ശ്രീകൃഷ്ണൻ തുടങ്ങിയ നിശ്ചലദൃശ്യങ്ങൾ കാണികൾക്ക് ആനന്ദം പകർന്നു. പ്രദക്ഷിണ വഴി ചുറ്റി നായ്ക്കനാൽ വഴി വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് മഹാശോഭായാത്ര സമാപിച്ചു. പാറമേക്കാവ് ക്ഷേത്രത്തിന് മുന്നിൽ നിന്നാരംഭിച്ച മഹാശോഭായാത്ര തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് പി. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ബാഗോകുലം മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ.പി ബാബുരാജ് സന്ദേശം നൽകി. കോർപറേഷൻ കൗൺസിലർ കെ. മഹേഷ് കണ്ണന് കാണിക്ക നൽകി. ആർ.എസ്.എസ് മഹാനഗർ സംഘചാലക് വി. ശ്രീനിവാസൻ, അഡ്വ.ബി. ഗോപാലകൃഷ്ണൻ, എ. നാഗേഷ്, കോർപറേഷൻ കൗൺസിലർമാരായ എം.എസ്. സമ്പൂർണ, വിൻഷി അരുൺകുമാർ, ബാഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം കെ.എസ്. നാരായണൻ, മേഖലാ ഖജാൻജി വി.എൻ. ഹരി, പി.യു. ഗോപി, രവി തിരുവമ്പാടി എന്നിവർ പങ്കെടുത്തു. മഹാശോഭായാത്ര വീക്ഷിക്കാൻ നഗരത്തിൽ ആയിരങ്ങളെത്തി.