പുതുക്കാട്: മേഖലയിൽ തെരുവോരങ്ങൾ അമ്പാടിയാക്കി ശോഭായാത്രകൾ. രാധാകൃഷ്ണ, വേഷധാരികളുടെയും, പുരാണ കഥാപാത്രങ്ങളുടെയും വേഷം ധരിച്ച നൂറു കണക്കിന് കുരുന്നുകൾ അണിനിരന്ന ശോഭയാത്രകൾക്ക് താളമേളങ്ങളും കാവടിയാട്ടവും അകമ്പടിയായി. പുതുക്കാട്, വടക്കെ തൊറവ്, രാപ്പാൾ, നന്തിക്കര, മുത്രത്തിക്കര, മറവാഞ്ചേരി, ചെങ്ങാലൂർ, നന്തിപുലം, മുപ്ലിയം, വരന്തരപ്പിള്ളി, കല്ലൂർ, എറവക്കാട്, പാഴായി, നെല്ലായി എന്നിവിടങ്ങളിൽ ശോഭായാത്രകൾ നടന്നു.
പുതുക്കാട് വടക്കെ തൊറവ് ദ്വാരക ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്ര സ്വാമിയാർകുന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ നിന്നാരംഭിച്ച് ഗ്രാമ വീഥികളിലൂടെ സഞ്ചരിച്ച് സുബ്രഹ്മണ്യസ്വാമി ഷേത്രത്തിൽ തന്നെ സമാപിച്ചു. തെക്കെ തൊറവ് നരിപ്പറ്റ ശിവക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭയാത്ര വള്ളിക്കുന്ന് മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു.
മറവാഞ്ചേരി മഹാദേവേ ക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര തൊടുകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ സമാപിച്ചു. നന്തിക്കര കൈതവളപ്പിൽ കുടുംബക്ഷേത്രത്തിൽ നിന്നാരംഭിച്ച ശോഭായാത്ര കൃഷ്ണശിവ ക്ഷേത്രത്തിൽ സമാപിച്ചു. മുപ്ലിയം, നന്തിപുലം, മേഖലകളിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നാരംഭിച്ച ശോഭായാത്രകൾ നന്തിപുലം സെന്ററിൽ സംഗമിച്ച് മഹാശോഭ യാത്രയായി കുമരഞ്ചിറ ക്ഷേത്രത്തിൽ സമാപിച്ചു.
കല്ലൂർ മുട്ടിത്തടിയിലും കള്ളായിയിലും ശോഭയാത്രകൾ നടന്നു. വരന്തരപ്പിള്ളി, കേണ്ടശ്വരം, പാലക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള ശോഭായാത്രകൾ വരന്തരപ്പിള്ളിയിൽ സംഗമിച്ച് മഹാശോഭ യാത്രയായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സമാപിച്ചു.