പാവറട്ടി: കാലവർഷക്കെടുതിയുടെ ഭാഗമായി മണ്ണിടിച്ചിൽ ഉണ്ടായ മുല്ലശ്ശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വിദഗ്ദ്ധർ പരിശോധന നടത്തി. രണ്ടാം വാർഡിലെ കണ്ണേങ്ങാത്ത്, കുമ്പുള്ളി പാലത്തിനു സമീപമുള്ള മണ്ണിടിച്ചിൽ പ്രദേശത്തും ഒമ്പതാം വാർഡിലെ മാനിന പറപ്പാടം റോഡ്, പത്താം വാർഡിലെ വിവിധ പ്രദേശങ്ങളിലുമാണ് ദുരന്തനിവാരണ അതോറട്ടിയുടെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സംഘം പരിശോധന നടത്തിയത്.

മുല്ലശ്ശേരി പഞ്ചായത്തിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങൾ കൂടിയായതിനാൽ വലിയ തോതിലുള്ള മണ്ണിടിച്ചിലാണ് സംഭവിച്ചത്. കാലവർഷം ശക്തിപ്പെട്ടാൽ ഇനിയും മണ്ണിടിച്ചിലിനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. ജിയോളജിസ്റ്റ് വീണ നായർ, സോയിൽ കൺസർവേറ്റർ എം.ആർ. ബാലൻ എന്നിവരാണ് വിദഗ്ദ്ധ സംഘത്തിന് നേതൃത്വം നൽകിയത്.
പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, വാർഡ് മെമ്പർമാരായ ചന്ദ്രകല മനോജ്, ഇന്ദുലേഖ ബാജി, വില്ലേജ് ഓഫീസർ ഇ.സി. പുഷ്പ്പ, പൊതുപ്രവർത്തകൻ കെ.എസ്. രാമനാഥൻ എന്നിവർ സ്ഥലത്തെത്തി കാര്യങ്ങൾ വിശദീകരിച്ചു. പരിശോധനാ റിപ്പോർട്ട് ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടർക്ക് സമർപ്പിക്കും.