കയ്പ്പമംഗലം: വഴിയമ്പലത്ത് പ്രവർത്തിച്ചിരുന്ന ശ്രീവിദ്യാ ജയലക്ഷ്മി ചിട്ടി കമ്പനിയിലെ കുറി തട്ടിപ്പുമായി ബന്ധപ്പെട്ട് പരാതികളുടെ എണ്ണം കൂടുന്നു. ഇതിനോടകം അമ്പതോളം പരാതികളാണ് കയ്പ്പമംഗലം പൊലീസ് സ്റ്റേഷനിൽ ലഭിച്ചത്. വഴിയമ്പലത്ത് പ്രവർത്തിച്ചിരുന്ന ശ്രീവിദ്യാ ജയലക്ഷ്മി എന്ന ചിട്ടി സ്ഥാപനമാണ് അടച്ചു പൂട്ടിയത്. അതേസമയം ചിട്ടി കമ്പനി ഉടമ ചെറായി സ്വദേശി പുതുപ്പിള്ളി വീട്ടിൽ ഗോപിയെ പരാതിയെ തുടർന്ന് വടക്കേക്കര പൊലീസ് അറസ്റ്റ് ചെയ്തു. കുറി വട്ടമെത്തിയിട്ടും പണം ലഭിക്കാത്തവരും കുറി വച്ചവരും പരാതിയുമായെത്തി. ഏകദേശം ഒരു കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് പ്രാഥമിക വിവരം. അമ്പതിനായിരം മുതൽ അഞ്ച് ലക്ഷം രൂപ വരെ കുറി വച്ചവരുണ്ട്. കുറി വട്ടമെത്തിയവർക്ക് തുക നൽകേണ്ട ദിവസം മുതലാണ് ചിട്ടി കമ്പനി തുറക്കാതായത്. ഇതോടെയാണ് ഇടപാടുകാർ പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. മുൻ ഫോറസ്റ്റ് ഉദ്യാഗസ്ഥനായ ഗോപി വിരമിച്ചതിന് ശേഷം 18 വർഷം മുമ്പാണ് ചിട്ടി സ്ഥാപനം തുടങ്ങിയത്. ചേന്ദമംഗലം കേന്ദ്രമാക്കിയാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്. എറണാകുളം, തൃശൂർ ജില്ലകളിലായി അഞ്ച് ശാഖകളും ഉണ്ടായിരുന്നു. ഇയാളുടെ മക്കളും ബന്ധുക്കളുമാണ് കമ്പനിയുടെ ഡയറക്ടർമാർ.