തൃശൂർ: സർക്കാർ നടത്തിയ അശാസ്ത്രീയമായ വനവത്കരണവും മരം മുറിയുമാണ് കുറാഞ്ചേരി മേഖലയിലുണ്ടായ ഉരുൾപൊട്ടലിന് കാരണമായതെന്ന് കോളജ് ഓഫ് ഫോറസ്ട്രി ഡീൻ ഡോ. വിദ്യാസാഗർ അഭിപ്രായപ്പെട്ടു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന ഘടകം സംഘടിപ്പിച്ച ശാസ്ത്രജ്ഞരുടെ ശിൽപശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതിയെ സംബന്ധിച്ച സർക്കാർ നയങ്ങളിൽ സമൂലമായ അഴിച്ചുപണി അനിവാര്യമാണെന്ന് ശിൽപശാല അഭിപ്രായപ്പെട്ടു. കേരളത്തിൽ തുടർച്ചയായുണ്ടായ രണ്ട് പ്രളയങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനെ നേരിടാൻ ഏത് രീതിയിലുള്ള ശാസ്ത്രീയ മാർഗങ്ങളാണ് നാം തേടേണ്ടത് എന്ന വിഷയത്തിലായിരുന്നു ചർച്ച.
ഭൂമിയെ ചൂഷണം ചെയ്യുന്ന പുതിയ ബൂർഷ്വാസിയാണ് ഇപ്പോൾ കേരളത്തിലുള്ളത്. രാഷ്ട്രീയപാർട്ടികളുടെ സാമ്പത്തിക സ്രോതസും ഇവരാണ്. അതിനാൽ രാഷ്ട്രീയക്കാർക്ക് ജനങ്ങളെ സമീപിക്കേണ്ടിവരുന്നില്ലെന്നും കെ.എഫ്.ആർ.ഐയിലെ ഡോ. ടി.വി സജീവ് അഭിപ്രായപ്പെട്ടു. എസ്. അഭിലാഷ് , ജി. ശങ്കർ, സി. മുരളീധരൻ, ഡോ. സി.പി പ്രിജു, ഡോ. ജയപ്രകാശ്, ഡോ. ടി.എസ് രാജു, ഡോ. എസ്. ബിജു, ഡോ. അരുൺ ടി.ആർ, ഡോ. പി.വി ദിവ്യ, ഡോ. എസ്. സന്ദീപ്, ഡോ. സി. ജോർജ് തോമസ്, ഡോ. കെ.വി തോമസ്, ഡോ. ജി. ശ്രീകുമാർ, വിഷ്ണുദാസ് എന്നിവർ പങ്കെടുത്തു.
മറ്റ് നിർദ്ദേശങ്ങൾ ഇവ
ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുക
ക്വാറികൾ ദേശസാത്കരിക്കുക
പ്രകൃതിവിഭവങ്ങൾ വ്യക്തികളുടെ സാമ്പത്തിക നേട്ടത്തിന് വിനിയോഗിക്കുന്നത് തടയുക