തൃശൂർ: ചിറ കെട്ടിയാൽ പെരുമഴയിൽ നാട് മുങ്ങും, കെട്ടിയില്ലെങ്കിലോ കൃഷിയിറക്കാനാകില്ല. ഇതോടെ പ്രളയം നേരിടാൻ പൊട്ടിച്ച പല ചിറകളും ബണ്ടുകളും കെട്ടണോ വേണ്ടയോ എന്ന ആശങ്കയിലാണ് അധികൃതർ. അതേസമയം വെള്ളപ്പൊക്കത്തെ തുടർന്ന് പൊട്ടിച്ച കോലഴി പഞ്ചായത്ത് അതിർത്തിയിലെ പഴംചിറ യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘടനകൾ രംഗത്തെത്തി. സെപ്തംബർ ആദ്യത്തോടെ വിത്ത് വിതയ്ക്കാൻ നിലമൊരുക്കണം. ഇതിനുമുന്നോടിയായി ചിറ പുനർനിർമിക്കണമെന്നാണ് ആവശ്യം.

രണ്ടാഴ്ച മുമ്പ് പൂങ്കുന്നം മേഖലയിലും കുറ്റൂർ പടിഞ്ഞാറുമുറി, തവളക്കുളം എന്നിവിടങ്ങളിലും വീടുകളിൽ വെള്ളം കയറിയതോടെ നൂറുകണക്കിന് പേർ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറിയിരുന്നു. ജനങ്ങൾ പരാതിപ്പെട്ടതോടെ മേയർ, പൂങ്കുന്നം ഭാഗത്തെ കൗൺസിലർമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ കളക്ടറുടെ നേതൃത്വത്തിൽ ചിറയുടെ ഒരു ഭാഗം പൊളിച്ച് വെള്ളം തുറന്നുവിടുകയായിരുന്നു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ വർഷമാണ് ചിറ പുതുക്കിയത്. അശാസ്ത്രീയമായി പുതുക്കിപണിതതാണ് പ്രശ്‌നമെന്ന് കർഷകർ പറയുന്നു. ചിറ അടച്ചാലും തുറന്നാലും രണ്ടടി വീതിയിൽ വെള്ളം തടസപ്പെടും വിധമുള്ള ചീർപ്പ് നിർമ്മാണമാണ് വിനയായത്. വെള്ളം ആവശ്യമെങ്കിൽ പൂർണമായും ഒഴുക്കികളയാനും നിയന്ത്രിക്കാനും കഴിയാതെയായി. ചിറ കെട്ടിയില്ലെങ്കിൽ പഴംചിറ പാടശേഖരത്തിൽ കൃഷി ചെയ്യാനാകില്ല. വേനൽക്കാലത്ത് പാലംകുഴി തടയണയിൽ വെള്ളം സംഭരിച്ച് നിറുത്താനാകില്ല. പാലംകുഴി കുടിവെള്ള പദ്ധതിയുടെ ജലസ്രോതസും ഇല്ലാതാകും.

മന്ത്രിക്ക് നിവേദനം

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുള്ള പണമുപയോഗിച്ച് ചിറ യുദ്ധകാലാടിസ്ഥാനത്തിൽ ശാസ്ത്രീയമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് കർഷക സംഘം കൊട്ടേക്കാട് മേഖല കമ്മിറ്റി സെക്രട്ടറി എൻ.ആർ സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് പ്രകാശ്.ഡി. ചിറ്റിലപ്പിള്ളി എന്നിവർ മന്ത്രി വി.എസ് സുനിൽകുമാറിന് നിവേദനം നൽകി.

കൂനിന്മേൽ കുരുവായി മാലിന്യവും

കുളവാഴയും മാലിന്യവുമാണ് ചിറകൾക്കും കൃഷിയിടങ്ങൾക്കും മറ്റൊരു ഭീഷണി. ടൺ കണക്കിന് മാലിന്യമാണ് ചാക്കിലും മറ്റുമായി തളളുന്നത്. വെള്ളക്കെട്ടിന് പ്രധാന കാരണങ്ങളിലൊന്നാണിത്. വിയ്യൂർ, അയ്യന്തോൾ, പുഴയ്ക്കൽ പ്രദേശത്തെ വെള്ളം മുഴുവൻ കടലിലേക്കു പോകുന്നത് കോൾപ്പാടത്തെ കോട്ടച്ചാൽ വഴിയാണ്. കോട്ടച്ചാലിൽ നാല് പാലങ്ങളുണ്ട്. ഇവിടെ ചണ്ടിയും നഗരത്തിലെ മാലിന്യവും വന്നടിഞ്ഞ് വെള്ളത്തിന്റെ വഴി തടസപ്പെടുകയാണ്.

..............

''ഏനാമാവ്, ഇടിയഞ്ചിറ എന്നിവിടങ്ങളിലെ വലിയ ബണ്ടുകൾ പ്രളയം കാരണം പൊട്ടിക്കേണ്ടി വന്നിരുന്നു. മറ്റു ചില ചെറിയ ചിറകളും പൊട്ടിച്ചു. കൃഷി നടത്താൻ ഉടനെ ഇവയെല്ലാം പുനർനിർമ്മിക്കേണ്ടിവരും. 4800 ഹെക്ടറിലാണ് ജില്ലയിൽ കൃഷിനശിച്ചത്. അതിൽ കൂടുതലും വാഴയാണ്.''

കെ. രാധാകൃഷ്ണൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ..