തൃശൂർ: ശബരിമല വിഷയത്തിൽ നിലപാട് തെറ്റിയെന്ന്, തെറ്റുതിരുത്തൽ രേഖയ്ക്കുമുമ്പ് പറയാനുള്ള മര്യാദ മുഖ്യമന്ത്രി പിണറായി വിജയൻ കാണിക്കണമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഡി.സി.സിയിലെ ജില്ലാ നേതൃയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ചെന്നിത്തല.
ശബരിമല വിഷയത്തിൽ തെറ്റു പറ്റിയെന്ന് ഏറ്റു പറയേണ്ടത് പാർട്ടിയല്ല, മുഖ്യമന്ത്രിയാണ്. വിശ്വാസികളെ വേദനിപ്പിച്ചതിന് ആരും മാപ്പുതരില്ല. സുപ്രീം കോടതിയുടെ പല തീരുമാനങ്ങളും നടപ്പാക്കാൻ മടിക്കുന്ന സർക്കാർ ശബരിമല വിഷയത്തിൽ തിടുക്കം കാണിച്ചത് എന്തിനായിരുന്നു? പൊതുജനങ്ങളോടുള്ള പെരുമാറ്റശൈലി ആദ്യം മാറ്റേണ്ടത് ധാർഷ്ട്യത്തിന്റെ ആൾരൂപമായ, ചിരിക്കാൻ പോലും കഴിയാത്ത മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോഴുള്ള തെറ്റുതിരുത്തൽ രേഖ സി.പി.എമ്മിന്റെ കപട നാടകമാണ്. പൊതുജനത്തോടുള്ള സമീപനം മാറണമെന്ന് രേഖയിൽ പറയുന്നു. താഴെത്തട്ടിൽ നിന്നല്ല, മുകളിൽ നിന്നാണ് സമീപനം മാറേണ്ടത്. ഇപ്പോൾ തിരുത്തിയത് 10 വർഷം കഴിഞ്ഞ് വീണ്ടും തിരുത്തുന്ന പാർട്ടിയാണത്. കേരളം കണ്ട ഏറ്റവും ശപിക്കപ്പെട്ട സർക്കാരാണ് എൽ.ഡി.എഫിന്റേത്. ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ പുസ്തകമായി. പൊലീസുകാരുടെ ആത്മഹത്യ പെരുകുന്നു. ഇരകൾക്കൊപ്പമല്ല, വേട്ടക്കാർക്കൊപ്പമാണ് സർക്കാരെന്നും ചെന്നിത്തല ആരോപിച്ചു. ജില്ലയിലെ എല്ലാ മണ്ഡലം കമ്മിറ്റികളും സെപ്തംബർ രണ്ടിന് ധനസമാഹരണം നടത്താനും ഫണ്ട് നൗഷാദിന്റെ കുടുംബത്തിനു കൈമാറാനും തീരുമാനിച്ചു. ടി.എൻ. പ്രതാപൻ എം.പി അദ്ധ്യക്ഷനായി. പത്മജ വേണുഗോപാൽ, തേറമ്പിൽ രാമകൃഷ്ണൻ, ശൂരനാട് രാജശേഖരൻ, ജോസഫ് ചാലിശേരി, അനിൽ അക്കര എം.എൽ.എ, വി. ബാലറാം, എം.പി. ജാക്‌സൺ തുടങ്ങിയവർ പ്രസംഗിച്ചു.