സി.പി.ഐയും സി.പി.എമ്മിലെ മൂന്നു വനിതകളും ചെയർപേഴ്സനെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ചു

ചാലക്കുടി: ബിവറേജ് ഷോപ്പ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റിയതും കൂടപ്പുഴയിൽ മൊബൈൽ ടവർ സ്ഥാപിക്കാൻ ശ്രമം നടക്കുന്നതും സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത് നഗരസഭ കൗൺസിൽ അലങ്കോലമാക്കി. സി.പി.ഐ അംഗങ്ങളും സി.പി.എമ്മിലെ മൂന്നു വനിതകളും പ്രതിപക്ഷ നിലപാടിനെ അനുകൂലിച്ചത് ഭരണപക്ഷത്തിനെ നാണം കെടുത്തുകയും ചെയ്തു. ഇതോടെ അജണ്ടകളെല്ലാം ഒന്നിച്ചു പാസാക്കിയെന്ന് പ്രഖ്യാപിച്ച് ചെയർപേഴ്‌സൺ യോഗം പരിച്ചു വിടുകയുംചെയ്തു.

21 അജണ്ടകൾ ചർച്ച ചെയ്യുന്നതിനാണ് ഇന്നലെ വൈകീട്ട് 3ന് കൗൺസിൽ ചേർന്നത്. എന്നാൽ തന്റെ വാർഡിലെ പ്രശ്‌നങ്ങളായ ബിവറേജ് ഷോപ്പ്, മൊബൈൽ ടവർ എന്നിവയെക്കുറിച്ച് ആദ്യം ചർച്ച വേണമെന്ന് ഭരണപക്ഷത്തെ ഉഷ സ്റ്റാലിനാണ് ആവശ്യപ്പെട്ടത്. നിശ്ചയിച്ച അജണ്ടകൾക്ക് ശേഷം ഇതാകാമെന്ന് ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ പറഞ്ഞു. ഇതോടെ ഭരണപക്ഷ കൗൺസിലറെ പിന്തുണച്ച് പ്രതിപക്ഷം രംഗത്തെത്തി. പ്രസ്തുത വിഷയങ്ങൾ ആദ്യം ചർച്ച ചെയ്യണമെന്ന് അവരും ആവശ്യപ്പെട്ടു. ഇതോടെ യോഗം ബഹളത്തിലേക്ക് നീങ്ങി. സി.പി.ഐ അംഗങ്ങളും പ്രതിപക്ഷ നിലപാടിനെ അനുകൂലിച്ചത് രംഗത്തെ കൂടുതൽ ചൂടുപിടിപ്പിച്ചു. പ്രതിപക്ഷ നേതാവ് വി.ഒ.പൈലപ്പനും ഷിബു വാലപ്പനും ചെയർപേഴ്‌സനെ കുറ്റപ്പെടുത്തി സംസാരിച്ചു. രംഗം ശാന്തമാക്കാൻ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിൽ ശ്രമിച്ചെങ്കിലും നടന്നില്ല. തുടർന്നായിരുന്നു അജണ്ടകൾ പാസാക്കിയെന്ന ചെയർപേഴ്‌സന്റെ അറിയിപ്പും ഒപ്പം യോഗം പിരിച്ചുവിട്ടുള്ള ബെല്ലടിയും. ഇതോടെ പ്രതിപക്ഷം ഒന്നിച്ച് മുദ്രാവാക്യം വിളിച്ച് പുറത്തുകടുന്നു. തുടർന്ന് കൗൺസിൽ ഹാളിന് മുന്നിൽ പ്രതിഷേധ യോഗവും നടത്തി.

ഇതിനിടെ യോഗം പിരിച്ചുവിട്ട തീരുമാനത്തിനെതിരെ സി.പി.ഐ പ്രതിനിധികളോടൊപ്പം സി.പി.എമ്മിലെ മൂന്നു പേരും കൗൺസിൽ ഹാളിൽ കുത്തിയിരിപ്പ് സമരം നടത്തി. പ്രശ്‌നം നടക്കുന്ന വാർഡിലെ കൗൺസിലർ ഉഷാ സ്റ്റാലിൻ, മോളി പോസൺ, ലൈജി തോമസ് എന്നിവരാണ് സി.പി.എമ്മിലെത്തന്നെ ചെയർപേഴ്‌സണെതിരെ പ്രതികരിച്ചത്. ഇത് സി.പി.എം നേതൃത്വത്തിന് തിരിച്ചടിയായി.

ഇതിനിടെ പ്രസ്തു വിഷയങ്ങൾ ചർച്ച ചെയ്യാൻ പ്രത്യേക കൗൺസിൽ ചേരുന്നുണ്ട്. ഈ സാഹചര്യത്തിൽ സി.പി.എമ്മിന്റെ ഉയർന്ന നേതാക്കൾ പ്രശ്‌നത്തിൽ ഇടപെടുമെന്ന് അറിയുന്നു.

................................

സി.പി.എം നേതൃത്വത്തിന് തിരിച്ചടിയായി അംഗങ്ങളുടെ പ്രതിഷേധം
കൗൺസിലിന് മുന്നോടിയായി സാധാരണയുള്ള പാർലിമെന്ററി യോഗത്തിൽ പങ്കെടുത്ത് പാർട്ടി നിർദ്ദേശങ്ങൾ അംഗീകരിച്ച ശേഷം പുറത്തിറങ്ങിയ സി.പി.എം വനിതകൾ കടകവിരുദ്ധമായ നിലപാട് സ്വീകരിക്കുകയായിരുന്നു. രണ്ടു വിഷയങ്ങളിലും ഒന്നിച്ചു നിൽക്കണമെന്ന് യു.ഡി.എഫും സി.പി.ഐയും രഹസ്യ തീരുമാനങ്ങൾ എടുത്തിരുന്നുവെന്ന് പറയുന്നു. എന്നാൽ ഇതു മണത്തറിഞ്ഞ വൈസ് ചെയർമാനും ചെയർപേഴ്‌സണും മറ്റൊരു തന്ത്രത്തിലൂടെ വിഷയങ്ങൾ ചർച്ചക്കെത്തിക്കാതെ യോഗം പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് വെട്ടിലായ സി.പി.ഐക്കാർ കൗൺസിൽ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. ഇതിനിടെയാണ് അപ്രതീക്ഷിതമായി സി.പി.എം വനിതകളും ഇവർക്കൊപ്പം കൂടിയത്.