മാള: പവിത്രമായ ശബരിമലയെ അശുദ്ധമാക്കുന്നതിന് നേതൃത്വം നൽകിയവരാണ് ഇന്ന് അനുകൂലമായി രംഗത്ത് വരുന്നതെന്ന് ബെന്നി ബഹനാൻ എം.പി പറഞ്ഞു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കുഴൂർ പഞ്ചായത്തിലെ നാലാം വാർഡ് യു.ഡി.എഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇനിയിപ്പോൾ ശബരിമലയുടെ പേരിൽ വിശ്വാസികൾക്കൊപ്പമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വീടുകൾ കയറിയിറങ്ങിയാലും സി.പി.എമ്മിനെ ആരും വിശ്വസിക്കില്ല. ദേവസ്വം ബോർഡ് ഇപ്പോൾ ശബരിമലയുടെ പേരിൽ കരഞ്ഞ് കണ്ണീരൊഴുക്കുകയാണ്. പ്രളയക്കെടുതിയിൽ നഷ്ട പരിഹാരം നൽകാൻ പോലും പണമില്ലെന്ന് പറയുമ്പോഴും ഓരോ പദവികൾ സൃഷ്ടിച്ച് ധൂർത്ത് നടത്തുന്നതാണ് സർക്കാരിന്റെ മുഖമുദ്രയെന്നും ബെന്നി ബെഹനാൻ വ്യക്തമാക്കി. വി.സി വത്സൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ടി.യു രാധാകൃഷ്ണൻ, സ്ഥാനാർത്ഥി നിതാ കൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻകുട്ടി , പഞ്ചായത്ത് പ്രസിഡന്റ് സിൽവി സേവ്യർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് പി.ഡി. ജോസ്, പോൾസൺ കൊടിയൻ തുടങ്ങിയവർ സംസാരിച്ചു.