അന്തിക്കാട് : നാൽപ്പത് വർഷം മുമ്പ് നിർമ്മിച്ച അന്തിക്കാട് കല്ലിടവഴിയിലെ ഇറിഗേഷൻ കനാൽ അറ്റകുറ്റപണി ചെയ്യണമെന്ന് ആവശ്യം. കൈയേറ്റങ്ങൾ ഒഴിപ്പിച്ച് ആഴം കൂട്ടി ഇരുവശങ്ങളും കെട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കിയാൽ കല്ലിട വഴിയിലെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാമെന്നാണ് പരിസരവാസികളുടെ അഭിപ്രായം.
അന്തിക്കാട് കുറ്റിപ്പുരയ്ക്ക് സമീപത്തെ ഇറിഗേഷൻ കനാലിൽ നിന്ന് ആരംഭിക്കുമ്പോൾ സാമാന്യം വീതിയേറിയ കനാലാണ് ഇത്. പിന്നീട് പല കൈത്തോടുകളായി പിരിഞ്ഞ് അന്തിക്കാട് കല്ലിട വഴിയിലെ കനാലിൽ സംഗമിച്ച് പരപ്പൻ ചാലായി മാറി, പരപ്പൻചാൽ കോൾപ്പടവിലെ ചീപ്പ് വഴി അന്തിക്കാട് കോൾ പാടശേഖരത്ത് അവസാനിക്കും. കനാലിന്റെ പല ഭാഗങ്ങളും സ്വകാര്യ വ്യക്തികൾ കൈയേറിയതിനാൽ കനാൽ തോടായി. ഇരുകരയിൽ നിന്നും മണ്ണിടിഞ്ഞും പാഴ് പുല്ലുകൾ പടർന്നും കനാൽ കാണാനാകാത്ത അവസ്ഥയുമുണ്ട്. ഏറെ വിസ്തൃതിയേറിയ അന്തിക്കാട് പഞ്ചായത്തിലെ വടക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിലെ മുഴുവൻ മഴവെള്ളവും പാടശേഖരങ്ങൾ വഴി ഏനാമാക്കൽ ഇറിഗേഷനിലൂടെ ഒഴുകി കടലിലെത്തുന്നതിന് സഹായകമാകുന്ന ഏക ഇറിഗേഷൻ കനാലാണിത്. ഇപ്പോൾ പ്രളയത്തോടെ സംഭവിക്കുന്ന അനിയന്ത്രിതമായ മഴപ്രവാഹം സമീപപ്രദേശങ്ങളെയും ഭീതിയിലാക്കുന്നുണ്ട്.
കല്ലിട വഴിയിലെ ഇറിഗേഷൻ കനാലായ പരപ്പൻ ചാലിന് കുറുകെയുള്ള ഓവ് പാലം എതിർവശത്തെ ശാന്തി റോഡിന് കുറുകെയുള്ള പാലം മോഡലിൽ വികസിപ്പിക്കണമെന്നും പരപ്പൻ ചാലിനെയും അന്തിക്കാട് കോൾപടവിനെയും ബന്ധിപ്പിക്കുന്ന ചീപ്പ് നവീകരിക്കണമെന്നും പരപ്പൻ ചാൽ കോൾ പാടശേഖര കമ്മിറ്റി സെക്രട്ടറി എൻ. ടി. ഷജിൽ ആവശ്യപ്പെട്ടു. നായനാർ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ പാടശേഖരത്തിന്റെ തോടുകൾ വൃത്തിയാക്കാനും മറ്റും ഫണ്ട് അനുവദിച്ച ശേഷം പതിറ്റാണ്ട് കഴിഞ്ഞിട്ടും മറ്റൊരു നിർമ്മാണ പ്രവർത്തനങ്ങൾക്കും തുക അനുവദിച്ചിട്ടില്ലെന്നും വെള്ളക്കെട്ടിന് കാരണം പടവുകളുമായി ബന്ധപെട്ട് അടഞ്ഞു കിടക്കുന്ന തോടുകൾ കൂടിയാണെന്നും അദ്ദേഹം പറഞ്ഞു...
............................
കനാലിന്റെ ആദ്യാവസാനം വരെയുള്ള ഭാഗങ്ങൾ അളന്ന് തിട്ടപ്പെടുത്തി ആഴം കൂട്ടി ഇരുവശങ്ങളും കെട്ടി വെള്ളത്തിന്റെ ഒഴുക്ക് സുഗമം ആക്കിയാൽ കല്ലിട വഴിയിലെ വീടുകളിൽ വെള്ളം കയറുന്ന സാഹചര്യം ഒഴിവാക്കാം
കല്ലിട വഴി സ്വദേശി
പി.കെ. കുഞ്ഞ്