ചാവക്കാട്: മൂന്നരക്കോടി രൂപ ചെലവിൽ മൂന്നര മാസം മുമ്പ് ബി.എം ആൻഡ് ബിസി ടാറിംഗ് പൂർത്തിയാക്കിയ റോഡിൽ കുഴികൾ രൂപപ്പെട്ടു. വിവരമറിഞ്ഞയുടൻ പിഡബ്ലിയുഡി അധികൃതരെത്തി കുഴി രൂപപ്പെട്ട സ്ഥലങ്ങൾ ടാറും മെറ്റലും നിറച്ച് കടലാസ് കൊണ്ട് മൂടി തടിയൂരി. കടപ്പുറം അഞ്ചങ്ങാടി മുതൽ മണത്തല മുല്ലത്തറവരേയുള്ള റോഡിലാണ് നിർമ്മാണത്തിലെ ക്രമക്കേടിനെ തുടർന്ന് കുഴികൾ രൂപപ്പെട്ടത്.
അഞ്ചങ്ങാടി വളവ് മുതൽ കള്ളാമ്പി വരെ ഇത്തരത്തിൽ പതിനഞ്ചോളം സ്ഥലങ്ങളിൽ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മേയ് മാസത്തിലാണ് റോഡ് ബി.എം ആൻഡ് ബിസി ടാറിംഗ് നടത്തിയത്. ടാറിംഗ് നടത്തി ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ അഞ്ചങ്ങാടി വളവിൽ വ്യാപകമായി മെറ്റലുകൾ ഇളകിത്തുടങ്ങിയിരുന്നു. ഉപയോഗിക്കേണ്ട അളവിൽ മെറ്റലും ടാറും ഉപയോഗിക്കാതിരുന്നതാണ് ഒരു ദിവസം പൂർത്തിയാകും മുമ്പേ മെറ്റലുകൾ ഇളകാൻ കാരണമെന്നായിരുന്നു നാട്ടുകാരുടെ ആരോപണം. സംഭവം വാർത്തയായതോടെ ഉടൻ തന്നെ അധികൃതരെത്തി വീണ്ടും ടാറിംഗ് നടത്തുകയായിരുന്നു. ദിവസങ്ങൾക്ക് ശേഷം മഴ പെയ്തുകൊണ്ടിരിക്കെ ടാറിംഗ് നടത്താനുള്ള ശ്രമം നാട്ടുകാർ എത്തി തടയുകയും ചെയ്തിരുന്നു. ടാറിംഗ് പൂർത്തിയാക്കി മൂന്നര മാസം പിന്നിടും മുമ്പ് തന്നെ റോഡിൽ കുഴികൾ രൂപപ്പെട്ടത് നിർമ്മാണത്തിലെ അഴിമതിയെ തുടർന്നാണെന്നും ഇതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.