scho-bbuiding

നന്തിക്കര: സർക്കാർ വിദ്യാലയത്തിന് വേണ്ടി പത്ത് കോടി രൂപ ചെലവിൽ ആരംഭിച്ച കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തികൾ കരാറുകാരൻ ഉപേക്ഷിച്ചു. ഹൈടെക് വിദ്യാലയമാക്കുന്നതിന്റെ ഭാഗമായി പഴയ കെട്ടിടം പൊളിച്ചുമാറ്റി ആസ്ഥലത്തു തന്നെയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണം ആരംഭിച്ചത്.

പുതുക്കാട് മണ്ഡലത്തിൽ എതാനും സർക്കാർ സ്‌കൂളുകളുടെ പുതിയ കെട്ടിടങ്ങളുടെ നിർമ്മാണവും ഈ കരാറുകാരൻ തന്നെയാണ് എറ്റെടുത്തത്. എറ്റെടുത്ത വിദ്യാലയങ്ങളുടെ നിർമ്മാണം ഒരിടത്തും പൂർത്തീകരിക്കാനാകാത്ത കരാറുകാരനെ സ്‌കൂൾ അധികൃതർ ഫോണിലൂടെ ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഫോണെടുക്കുന്നില്ലെന്ന് പറയുന്നു. പഴയ കെട്ടിടം പൊളിച്ചതോടെ അവിടെ പ്രവർത്തിച്ചിരുന്ന ക്ലാസ് മുറികൾക്ക് പകരം ഷീറ്റ് മേഞ്ഞ് നിർമ്മിച്ച താൽകാലിക കെട്ടിടത്തിലാണ് ക്ലാസുകൾ പ്രവർത്തിക്കുന്നത്. ഷീറ്റിനു താഴെ ചൂട് കൊണ്ട് ഇരിക്കാൻ പറ്റുന്നില്ലെന്ന് വിദ്യാർത്ഥികൾക്ക് പരാതിയുമുണ്ട്.

കെട്ടിട നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. വാഗ്ദ്ധാനങ്ങൾ നൽകുന്നതല്ലാതെ പ്രവർത്തികമാക്കാൻ സാധിക്കാത്ത മന്ത്രി രാജിവെക്കണമെന്ന് ആവശ്യപെട്ട് ബി.ജെ.പി പറപ്പൂക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രസിഡന്റ് നാരായണൻ വടുതല അറിയിച്ചു.