തൃപ്രയാർ: എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽ 165ാമത് ശ്രീനാരായണ ഗുരുജയന്തി വിപുലമായി ആഘോഷിക്കും. നാട്ടിക യൂണിയൻ ഹാളിൽ ചേർന്ന വിശേഷാൽ പൊതയോഗത്തിൽ യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, വനിതാ സംഘം, യൂത്ത് മൂവ്‌മെന്റ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.വി സുദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജയന്തൻ പുത്തൂർ, കെ.വി ജയരാജൻ മാസ്റ്റർ, പി.വി ശ്രീജാമൗസമി, പ്രശാന്ത് മേനോത്ത്, ജയറാം കടവിൽ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ സെക്രട്ടറി മോഹനൻ കണ്ണമ്പുള്ളി സ്വാഗതവും പ്രകാശ് കടവിൽ നന്ദിയും പറഞ്ഞു.
സെപ്തംബർ 13ന് ഗുരുജയന്തി ദിവസം വൈകീട്ട് 3.30ന് വലപ്പാട് ചന്തപ്പടിയിൽ നിന്നും വർണശബളമായ ഘോഷയാത്ര നടക്കും. ഘോഷയാത്രയിൽ ആയിരക്കണക്കിന് ശ്രീനാരായണീയരെ പങ്കെടുപ്പിക്കും. ഗജവീരന്മാരും വാദ്യമേളവും അകമ്പടിയാവും. തെയ്യം, ശിങ്കാരിമേളം, നിശ്ചലദൃശ്യങ്ങൾ എന്നിവയും കൊഴുപ്പേകും. സന്ധ്യയോടെ നാട്ടിക ശ്രീനാരായണ ഹാളിൽ ഗുരുപൂജയോടെയാണ് ഘോഷയാത്ര സമാപിക്കുക.