കൊടുങ്ങല്ലൂർ: നഗരസഭയ്ക്ക് പുതിയ ആസ്ഥാനം നിർമ്മിക്കുന്നതിന് കൺസൾട്ടൻസിയെ നിയമിച്ചു. കെട്ടിടത്തിന്റെ വിശദമായ രൂപരേഖയും ഡിസൈനും തയ്യാറാക്കുന്നതിന് കൺസൾട്ടൻസിയെ നിയമിക്കുന്നതിനായി ക്ഷണിച്ച ഇ ടെൻഡർ പ്രകാരം ലഭിച്ച ഏഴ് ടെൻഡറുകളിൽ കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ഭാരത് എൻജിനിയറിംഗ് കൺസൾട്ടൻസിയെ നിയമിക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. ഏഴ് കോടി രൂപ സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിൽ നഗരസഭ കെട്ടിടത്തിന് വകയിരുത്തിയിട്ടുണ്ട്. തെക്കെ നടയിലാണ് പുതിയ ആസ്ഥാനമന്ദിരം നിർമ്മിക്കുക. തെക്കെ നട ജംഗ്ഷൻ, ശൃംഗപുരം, നാരായണമംഗലം ജംഗ്ഷൻ, തിരുവഞ്ചിക്കുളം ക്ഷേത്രം, കുന്നംകുളം എന്നിവിടങ്ങളിൽ മിനി മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് കൗൺസിൽ യോഗം അനുമതി നൽകി.
അഡ്വ. വി.ആർ സുനിൽ കുമാറിന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചതാണ് ലൈറ്റ്. പ്രതിമാസ വൈദ്യുതി ചാർജ്, വാറണ്ടിക്ക് ശേഷമുള്ള പരിപാലനം എന്നിവ നഗരസഭ വഹിക്കും. നഗരസഭ പ്രദേശത്ത് റിലയൻസ് ജിയോ കമ്പനിക്ക് ഫൈബർ കേബിൾ ഇടുന്നതിന് ജി.ഐ പോളുകൾ സ്ഥാപിക്കുന്നതിന് പ്രതിവർഷ വാടക വ്യവസ്ഥയിൽ നഗരസഭ അനുമതി നൽകി. കൂടാതെ കേബിളുകൾ വലിക്കുമ്പോൾ നഗരസഭയ്ക്ക് സി.സി. ടി.വി കാമറകൾ സ്ഥാപിക്കുന്നതിന് ആവശ്യമായ സൗകര്യം കൂടി ലഭ്യമാക്കണമെന്ന വ്യവസ്ഥയോടെയാണിത്. ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു.