കൊടുങ്ങല്ലൂർ: കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ നാളികേര ഉത്പാദനം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച കേരഗ്രാമം പദ്ധതിയിൽ മതിലകം പഞ്ചായത്തും ഇടം പിടിച്ചു. പഞ്ചായത്തിലെ 43,750 തെങ്ങുകളുടെ ശാസ്ത്രീയമായ പരിചരണമാണ് കേരഗ്രാമം പദ്ധതിയിലൂടെ സാദ്ധ്യമാവുക. 250 ഹെക്ടറിലേക്കായി തയ്യാറാക്കുന്ന പദ്ധതിയിൽ ഒരു ഹെക്ടറിൽ 175 തെങ്ങുകൾ ഉണ്ടാകും.

നാളികേര ഉത്പാദനം മെച്ചപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും പദ്ധതി ഗുണം ചെയ്യും. തെങ്ങ് കൃഷിക്ക് സമഗ്രപരിചരണത്തിനായി തടം തുറക്കൽ, ഉത്പാദനോപാധികൾ നൽകൽ, പമ്പ്‌സെറ്റ്, മണ്ണിര കമ്പോസ്റ്റ് സ്ഥാപിക്കൽ തുടങ്ങിയ വിവിധ ഇനങ്ങൾക്കായി സബ്‌സിഡി നൽകുന്ന ബൃഹദ് പദ്ധതിയാണിത്. പദ്ധതിയുടെ നടത്തിപ്പിനായി പഞ്ചായത്ത് യോഗം ചേർന്ന് ഓരോ വാർഡിലും കൗൺസിലർമാരെ തെരഞ്ഞെടുത്തു. പിന്നീട് ടെക്‌നിക്കൽ റിസോഴ്‌സ് ഗ്രൂപ്പ് യോഗത്തിൽ പദ്ധതി ആവിഷ്‌കരിച്ച്, കേര സമിതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇ.ടി. ടൈസൺമാസ്റ്റർ എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ.ജി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി മതിലകം കേരസമിതിയും രൂപീകരിച്ചു. മതിലകം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ജ്യോതി. പി. ബിന്ദു പദ്ധതി വിശദീകരിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. അബീദലി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ബി.ജി. വിഷ്ണു, നൗഷാദ് കൈതവളപ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലെന അനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവർണ്ണ ജയശങ്കർ, കൃഷി ഓഫീസർ ബൈജു ബേബി, കൃഷി അസിസ്റ്റന്റ് കെ.ജെ. ഉല്ലാസ് എന്നിവർ പങ്കെടുത്തു.

തുക ലഭിക്കുക ഇങ്ങനെ

നടത്തിപ്പിന് അനുവദിച്ചത് 50.17 ലക്ഷം
കർഷകർക്കായി നീക്കി വച്ചത് 38 ലക്ഷം
പഞ്ചായത്ത് കേരസമിതിക്ക് പദ്ധതി നടത്തിപ്പിന് 5 ലക്ഷം

തെങ്ങുകൃഷി പരിപാലനം, ജലപോഷണം, തെങ്ങുകയറ്റയന്ത്രങ്ങൾ, ജൈവവള നിർമാണ യൂണിറ്റ് എന്നിവയ്ക്ക് 12.17 ലക്ഷം

ജൈവവള നിർമാണ യൂണിറ്റുകൾ സ്ഥാപിക്കാൻ 2 ലക്ഷം