കുന്ന് നശിപ്പിച്ചത് അനധികൃത കരിങ്കൽ ഖനനമെന്ന് പരിസ്ഥിതി പ്രേമികൾ
മുപ്ലിയം: പൗരാണികതയുടെ ശേഷിപ്പുകളായ മുനിയറകളാൽ സമ്പന്നമായ മുനിയാട്ടുകുന്നിന്റെ ചരമഗീതം കുറിച്ച് 25 മീറ്റർ നീളത്തിൽ നാല് അടിയിലേറെ ആഴത്തിൽ ഭൂമി വിണ്ടു കീറി. 2014ൽ ഉരുൾപൊട്ടലുണ്ടായതിന്റെ നൂറ് മീറ്റർ മാറിയാണ് ഭൂമി വിണ്ടു കീറിയത്. കുന്നിൽ പുല്ലരിയാൻ കയറിയ സമീപവാസിയാണ് വിണ്ടു കീറൽ കണ്ട് നാട്ടുകാരെ വിവരം അറിയിച്ചത്. വിള്ളൽ കണ്ടെത്തിയതിന് 500 മീറ്റർ മാത്രം താഴെ ഒരു വീടും ഒരു കിലോ മീറ്റർ മാറി പൊട്ടൻപാടത്ത് 15 വീടുകളും ഉണ്ട്. അതിനിടെ അശാസ്ത്രീയമായ ക്വാറികളുടെ പ്രവർത്തനമാണ് വിള്ളലിന് കാരണമായതെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ വാദം.
1936ൽ കൊച്ചി സർക്കാർ സംരക്ഷിത സ്ഥലമായി പ്രഖ്യാപിച്ച സ്ഥലത്ത് സ്വാതന്ത്ര്യത്തിനു ശേഷം കൃഷിക്കെന്ന പേരിൽ പട്ടയം നൽകിയതാണ് വിനയായത്. കുന്നിൽ സമൃദ്ധമായുള്ള കരിങ്കല്ല് സ്വന്തമാക്കാൻ മോഹവില നൽകി ക്വാറി മാഫിയകൾ പട്ടയഭൂമി സ്വന്തമാക്കി. അനധികൃതമായി ക്രഷർ നിർമ്മാണം ആരംഭിച്ചപ്പോൾ സംഭവം വാർത്തയാക്കിയത് കേരളകൗമുദിയായിരുന്നു. ഇതോടെ എറണാകുളത്തെ പ്രസിദ്ധ അഭിഭാഷകൻ ഹൈകോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. അന്നത്തെ വരന്തരപ്പിള്ളി പഞ്ചായത്ത് ഭരണസമിതിയും സർക്കാരും ക്വാറി മാഫിയക്കായി ഒത്തുകളിച്ചു. ക്വാറികളും ക്രഷറും മുനിയാട്ടുകുന്നിന്റെ രൂപം മാറ്റി. വൻതോതിൽ മേൽമണ്ണ് മാറ്റി കരിങ്കൽ ഖനനം തുടർന്നു. ജനജീവിതത്തിന് വീണ്ടും ഭീഷണി ഉയർന്നതോടെ പുരാവസ്തു വകുപ്പ് സംരക്ഷിത സ്ഥലമായി പ്രഖ്യാപിച്ച സ്ഥലമാണെന്ന് ഓർമ്മപെടുത്തി 2006ൽ കേരളകൗമുദി വീണ്ടും വാർത്ത പ്രസിദ്ധീകരിച്ചു. ഇതോടെ ജില്ലാ ഭരണകൂടം ഇടപെട്ടു. മുനിയാട്ടുകുന്നിലെ അനധികൃത പ്രവൃത്തികൾ നിരോധിച്ചു. സംഘടിത ട്രേഡ് യൂണിയനുകളും രാഷ്ട്രീയ നേതൃത്വവും വൈരാഗ്യം മറന്ന് ഒന്നിച്ചു.
തൊഴിലാളികൾക്ക് തൊഴിൽ ഇല്ലാതായെന്നും പട്ടിണിയാണെന്നുമായിരുന്നു വാദം. ഇവിടെയും ക്വാറി മാഫിയ വിജയിച്ചു. ഖനനം വീണ്ടും തുടർന്നു. കൂട്ടത്തിൽ മുനിയാട്ടുകുന്നിന്റെ ചരിത്രപ്രാധാന്യം ഇല്ലാതാക്കാൻ മുനിയറകൾ ഒന്നൊന്നായി തകർത്തു. 2016 വരെ വ്യാപകമായിരുന്ന ഖനനത്തിന് 2016ൽ തന്നെ നിയന്ത്രണങ്ങളായി. ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകരുടെ നിരന്തര ഇടപെടലോടെയാണ് അധികൃതർ ചില നിയന്ത്രണങ്ങൾ എർപ്പെടുത്തുന്നത്.