തൃശൂർ: രാജ്യത്തെ ഗവേഷണ രംഗത്തെ നിലവാരത്തകർച്ചയ്ക്ക് പ്രധാന കാരണം കോപ്പിയടിയാണെന്നും പത്ത് വർഷത്തിനുള്ളിൽ ഗവേഷണ ബിരുദം നേടിയവരുടെ പ്രബന്ധങ്ങൾ പരിശോധിക്കാൻ യു.ജി.സി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും യു.ജി.സി വൈസ് ചെയർമാൻ ഭൂഷൺ പട്‌വർധൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കോപ്പിയടി നടത്തിയെന്ന് തെളിഞ്ഞാൽ ഗവേഷണ ബിരുദം റദ്ദാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ നടത്തിയ സിംപോസിയത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു പട്‌വർധൻ.

കോപ്പിയടിച്ച് നേടിയ ഗവേഷണ ബിരുദമുപയോഗിച്ച് ജോലിയോ സ്ഥാനക്കയറ്റമോ നേടിയിട്ടുണ്ടെങ്കിൽ അത് റദ്ദാക്കാനും ശുപാർശ ചെയ്യും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസിൽ നിന്ന് വിരമിച്ച പ്രൊഫ. പി. ബാലനാണ് 20 അംഗ സമിതിയുടെ ചെയർമാൻ. ആറ് മാസത്തിൽ സമിതി റിപ്പോർട്ട് സമർപ്പിക്കും.

യു.ജി.സിയുടെ പരിധിയിൽ ജോലി ചെയ്യുന്നവർ നടത്തുന്ന മാനദണ്ഡ ലംഘനത്തിന് കടുത്ത നടപടിയുണ്ടാകും. പണം തന്നാൽ ഗവേഷണ ബിരുദമെടുത്ത് തരാമെന്ന് കാണിക്കുന്ന പരസ്യങ്ങൾക്കെതിരെ നടപടി

സ്വീകരിക്കും. ഇനി മുതൽ ഗവേഷണം അനുവദിക്കുന്നതിന് കർശന നിബന്ധനയും മാനദണ്ഡങ്ങളുമുണ്ടാകും. ഇന്ത്യയിലാണ് ഗവേഷണ പ്രബന്ധങ്ങളുടെ നിലവാരം ഗുരുതരമായി കുറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. ജൂലായിൽ യു.ജി.സിയുടെ അനുമതി നേടിയ കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയത്തിന്റെ പദ്ധതിയായ സ്‌കീം ഫോർ ട്രാൻസ് ഡിസിപ്ലിനറി റിസർച്ച് ഫോർ ഇന്ത്യാസ് ഡെവലപിംഗ് എക്കണോമി (സ്‌ട്രൈഡ്) വിവിധ വിഷയങ്ങളെ ഏകീകരിച്ചുളള ഗവേഷണ പഠനങ്ങൾക്കാണ് ഊന്നൽ നൽകുന്നത്. കോളേജ്, യൂണിവേഴ്‌സിറ്റി തലങ്ങളിലുള്ള ഗവേഷണങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുകയാണ് ലക്ഷ്യം. ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസലർ ഡോ.എ. നളിനാക്ഷൻ, ആയുർവേദ മെഡിസിൻ മാനുഫാക്ചറേഴ്‌സ് ഓർഗനൈസേഷൻ ഒഫ് ഇന്ത്യ ജനറൽ സെക്രട്ടറി ഡോ.ഡി. രാമനാഥൻ എന്നിവരുംവാർത്താസമ്മേളനത്തിൽ പങ്കെടുത്തു.