തൃശൂർ: തൃശൂർ താലൂക്കിലെ റേഷൻകടകളിലെ മട്ട അരിയിൽ എഫ്.സി.ഐയിലെത്തുന്ന റേഷൻ അരി കലർത്തിയെന്ന കണ്ടെത്തലിന് പിന്നാലെ റേഷൻ അരിയുടെ ഗുണമേന്മ പരിശോധന നടക്കുന്നില്ലെന്ന പരാതി ഉയരുന്നു.
ക്വാളിറ്റി കൺട്രോളർമാരാണ് റേഷൻ വസ്തുക്കളുടെ പരിശോധന നടത്തേണ്ടത്. മില്ലിൽ നിന്ന് അരി എടുക്കുമ്പോഴും ഗോഡൗണിലുമാണ് ക്വാളിറ്റി കൺട്രോളർമാർ പരിശോധിക്കേണ്ടത്. എന്നാൽ അവർക്ക് പകരം ദിവസ വേതനക്കാരെയാണ് നിയമിക്കുന്നത്. 180 ദിവസങ്ങൾക്ക് ദിവസ വേതനത്തിലാണ് ഇവരുടെ നിയമനം. പ്രതിമാസം 10,000 രൂപ വേതനത്തിൽ ജോലി ചെയ്യുന്നതിന് ആളെ കിട്ടാനില്ല. പരിശോധന നടക്കാത്തതു കൊണ്ടാണ് തമിഴ്‌നാട്, ആന്ധ്ര അടക്കമുളള സംസ്ഥാനങ്ങളിൽ നിന്നും വരുന്ന റേഷൻ അരി മട്ട അരിയിൽ കലർത്തിയത്.
ജൂലായിൽ ഒരു മേഖലയിൽ വിതരണം ചെയ്ത അരി തന്നെയാണ്, ആഗസ്റ്റിലെ വിഹിതമായും റേഷൻകടകളിലേക്കെത്തിയത്. ഇതോടെ പരാതിയുമായി കടയുടമകൾ രംഗത്തെത്തി. ജൂലായിലെ വിഹിതത്തിൽ മാത്രം ഇത്തരത്തിൽ 250 ലോഡ് അരിയെങ്കിലും എത്തിയതായാണ് ആരോപണം. ഡിപ്പോ അസി. മാനേജർക്ക് പരാതിയും നൽകി. തുടർന്ന്, വിജിലൻസ് പരിശോധനയും തുടങ്ങി. കുരിയച്ചിറ വെയർഹൗസിൽ ഇറക്കിയ മില്ല് അരികളിലാണ് റേഷൻ കലർത്തിയതായി കണ്ടെത്തിയത്. സംസ്ഥാനത്തൊട്ടാകെ ഈ മില്ലിൽ നിന്നും അരി വിതരണം നടത്തിയിട്ടുണ്ട്. എന്നാൽ പരാതി തൃശൂർ താലൂക്കിൽ നിന്ന് മാത്രമാണ് ഉണ്ടായത്.

വ്യാജൻ പാലക്കാടൻ

ആലത്തൂർ, കുനിശേരി, ചേരമംഗലം എന്നിവിടങ്ങളിലെ ഒരു കമ്പനിയുടെ അഗ്രോ മില്ലിൽ നിന്നാണ് അരിയെത്തിയതെന്ന് കണ്ടൈത്തി. ഇതിന്റെ അടിസ്ഥാനത്തിൽ മില്ലിൽ നിന്നും വിതരണത്തിനായി കൊണ്ടുവന്ന അരിയിൽ നാലു ബാച്ച് ലോഡുകൾ തിരിച്ചയക്കാനുളള ശ്രമത്തിലാണ് അധികൃതർ. എന്നാൽ റേഷൻ കടകളിലെത്തിച്ച അരി എളുപ്പത്തിൽ തിരിച്ചെടുക്കാനാവില്ല. അതുകൊണ്ട് തന്നെ അരി തിരിച്ചെടുക്കുന്നതും പുതിയ ലോഡ് എത്തിക്കുന്നതിലും കാലതാമസം വരും. മറ്റ് താലൂക്കുകളിലും ഇത്തരം അരി വിതരണത്തിന് എത്തിയോ എന്ന് പരിശോധിക്കാൻ ജില്ലാ സപ്ലൈ ഓഫീസർ താലൂക്ക് സപ്ലൈ ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിരുന്നെങ്കിലും മറ്റിടങ്ങളിൽ എത്തിയിട്ടില്ലെന്നാണ് വിവരം.

...............

''യഥാർത്ഥ മട്ട അരിയുടെ ലോഡ് ഉടൻ എത്തിക്കാനുളള ശ്രമങ്ങളാണ് നടക്കുന്നത്. ലഭിച്ച അരിയെക്കുറിച്ച് വ്യാപകമായ പരാതികളില്ലെങ്കിലും ഗുണനിലവാരമുളള അരി ഉറപ്പുവരുത്തും.''

ശിവകാമി അമ്മാൾ, ജില്ലാ സപ്ലൈ ഓഫീസർ, തൃശൂർ..