vidya-
തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ പതിമൂന്നാം ബാച്ചിന്റെ ഗ്രാജുവേഷൻ സെറിമണിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ഡയറക്ടർ ഡോ.ശിവജി ചക്രവർത്തി മുഖ്യപ്രഭാഷണം നടത്തുന്നു

തൃശൂർ: ശാസ്ത്ര, സാങ്കേതിക വിദ്യാർത്ഥികൾക്ക് നൈപുണ്യം അനിവാര്യമെന്ന് കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി ഡയറക്ടർ ഡോ. ശിവജി ചക്രവർത്തി അഭിപ്രായപ്പെട്ടു. തലക്കോട്ടുകര വിദ്യ എൻജിനീയറിംഗ് കോളേജിലെ പതിമൂന്നാം ബാച്ചിന്റെ ഗ്രാജ്വേഷൻ സെറിമണിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുതലമുറയ്ക്ക് ജോലിസാദ്ധ്യതകൾ ആഗോളമായി ഉണ്ടാകുന്നതിനാൽ ഇംഗ്ലീഷ് പ്രാവീണ്യം അനിവാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

മികച്ച വിജയം നേടിയവർക്കും ഹോണേഴ്‌സ് ഡിഗ്രിക്ക് അർഹത ഉള്ളവർക്കും അദ്ദേഹം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബി. ടെക്, എം. ടെക് , എം.സി.എ വിഭാഗങ്ങളിൽ നിന്നായി അദ്ധ്യയനം പൂർത്തിയാക്കിയ എണ്ണൂറ് വിദ്യാർത്ഥികൾ കോഴ്‌സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന എൻജിനീയറിംഗ് കോളേജുകളിൽ ഒന്നായ വിദ്യ എൻജിനീയറിംഗ് കോളേജിലെ 316 വിദ്യാർത്ഥികൾക്ക് ഈ വർഷം ഇന്ത്യയിലും വിദേശത്തുമായി മികച്ച കമ്പനികളിൽ നിയമനം ലഭിച്ചു.

വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ കെ.ബി. മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. സി.ബി. സജി, വിദ്യ ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റ് എക്‌സിക്യുട്ടീവ് ഡയറക്ടർ ജി. മോഹനചന്ദ്രൻ, ഫിനാൻസ് ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടർ സുരേഷ് ലാൽ, ട്രസ്റ്റ് രക്ഷാധികാരി കെ.കെ. തിലകൻ, പി.ടി.എ പ്രസിഡന്റ് അഡ്വ. മേതിൽ വേണുഗോപാൽ, അക്കാഡമിക് ഡയറക്ടർ ഡോ. ബി. അനിൽ, സ്റ്റുഡന്റ് വെൽഫെയർ ഡയറക്ടർ ഡോ പി. ലതരാജ്, അക്കാഡമിക് ഡീൻ ഡോ. സുധ ബാലഗോപാലൻ, വൈസ് പ്രിൻസിപ്പൽ ഡോ. വി.എൻ കൃഷ്ണചന്ദ്രൻ, പ്രോഗ്രാം അഡ്വൈസർ ഡോ. എൻ. രാമചന്ദ്രൻ , പ്രോഗ്രാം കൺവീനർ പ്രൊഫ. കെ. ദിലീപ് എന്നിവർ പങ്കെടുത്തു.