തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിലെ ലൗ ബേർഡ്‌സിന് ഇനി ജൈവ തിന തിന്നാം. ജയിലിലെ മതിൽ കെട്ടിനകത്ത് ലൗബേർഡ്‌സിനെ വളർത്താനും തടവുകരുടെ മനസികോല്ലാസത്തിന് അവയെ ഒരുക്കാനും തീരുമാനിച്ചതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ പക്ഷിസ്‌നേഹവും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അവയ്ക്കായി തടവുകാരും ഉദ്യോഗസ്ഥരും ചേർന്ന് ജയിലിലെ എ ബ്ലോക്കിന് മുൻവശത്തായി ഒരു സെന്റ് സ്ഥലത്ത് തിനയും കൃഷി ചെയ്തു. 2010 ൽ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് ഇവയെ സൗജന്യമായി ജയിലിന് നൽകിയത് . ഇപ്പോൾ എട്ട് ജോഡി ലൗബേർഡ്‌സ് ഉണ്ട് . ഇവയുടെ ശബ്ദവും കളിയും തടവുകാർക്ക് ഇരുന്ന് ആസ്വദിക്കാൻ ചാരുബെഞ്ചും ഉണ്ടാക്കി കൊടുത്തു. ഇപ്പോൾ തിന തിന്നാനുള്ള മറ്റ് കിളികളുടെ തിരക്ക് തന്നെ ഇവിടെ ഒരു കാഴ്ചയാണ്. ഇതുവരെയും കാണാത്ത പക്ഷികളൊക്കെ തിന പാടത്തെത്തും. ലൗ ബേർഡ്‌സിന് തീറ്റ പുറത്ത് നിന്ന് പണം കൊടുത്ത് വാങ്ങുകയായിരുന്നു. തിന കതിരിട്ടതോടെ ഇത് ഒഴിവാക്കാനായി..