തൃശൂർ : ശ്രീനാരായണ കോളേജുകളെ കോർത്തിണക്കി ശ്രീനാരായണ യൂണിവേഴ്‌സിറ്റി അനുവദിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ.വി സദാനന്ദൻ ആവശ്യപ്പെട്ടു. ഭാഷയ്ക്കും ദേശത്തിനും മതത്തിനും അതീതമായി വിശ്വപൗര സംസ്‌കാരം സംസ്ഥാപനം ചെയ്യാൻ ശ്രീനാരായണ യൂണിവേഴ്‌സിറ്റി അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ എപ്ലോയിസ് വെൽഫെയർ യൂണിയൻ സമ്മേളനം എലൈറ്റ് ഇന്റർ നാഷണൽ ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണീയർക്കെതിരെ അപവാദപ്രചാരണം നടക്കുമ്പോൾ സംഘടിച്ച് ശക്തരായി വിദ്യകൊണ്ട് മുന്നേറാൻ നാം തയ്യാറാകണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ ഡോ .വി. ശ്രീകുമാർ പറഞ്ഞു. എ.വി സജീവ് അദ്ധ്യക്ഷത വഹിച്ചു. ആന ചികിത്സാരംഗത്ത് 25 വർഷം പിന്നിട്ട ഡോ. പി.ബി. ഗിരിദാസിനെയും സർവീസിൽ നിന്ന് വിരമിച്ച അംഗങ്ങളെയും ആദരിച്ചു. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ്, എസ്.എൻ.ഡി.പി തൃശൂർ യൂണിയൻ സെക്രട്ടറി ഡി. രാജേന്ദ്രൻ, മോഹൻ കുന്നത്ത്, കെ.എ. മനോജ് കുമാർ, ഇന്ദിരാദേവി ടീച്ചർ, പി.വി. പുഷ്പരാജ് എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഡോ. കെ.കെ. ഹർഷകുമാർ, വൈസ് പ്രസിഡന്റ് കെ.കെ. ശ്രീലാൽ, സെക്രട്ടറി പി.ബി. ഗിരിദാസ്, ട്രഷറർ കെ.ഡി. മാധവദാസ് എന്നിവരെ തിരഞ്ഞെടുത്തു.