unknown-boat

ചാവക്കാട്: കടൽമാർഗ്ഗം തീവ്രവാദികൾ എത്തിയേക്കുമെന്ന ഭീഷണി നിലനിൽക്കെ കടലിൽ കോസ്റ്റൽ പൊലീസിനെ കണ്ടു നിറുത്താതെ പോയ ബോട്ട് മുനയ്ക്കക്കടവ് കോസ്റ്റൽ പൊലീസ് പിടികൂടി. ബോട്ടിലുണ്ടായിരുന്നു അഞ്ച് മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. രണ്ട് ബംഗാൾ സ്വദേശികളും , രണ്ട് കോഴിക്കോട് സ്വദേശികളും, ഒരു പൊന്നാനി സ്വദേശിയുമാണ് ബോട്ടിലുണ്ടായിരുന്നത്. മുനയ്ക്കകടവ് കോസ്റ്റൽ പൊലീസ് സിഐ എ. റബീയത്ത്, എസ്.ഐ എ.ജെ പോൾസൺ എന്നിവരുടെ നേതൃത്വത്തിൽ ഹെഡ്‌കോൺസ്റ്റബിൾ സജീവൻ, സി.പി.ഒ ജയ്‌ദേവ്, സ്രാങ്ക് വിനോദ്, കോസ്റ്റൽ വാർഡൻ ലാൽ കൃഷ്ണ എന്നിവരുടെ സംഘമാണ് ബോട്ട് പിടികൂടിയത്. ഇന്നലെയാണ് കൂരിക്കുഴി കമ്പനി കടവിൽ സംശയകരമായ നിലയിൽ ബോട്ട് കണ്ടത്. കടലോര ജാഗ്രത സമിതി പ്രവർത്തകർ നൽകിയ വിവരത്തെ തുടർന്ന് സിഐ നസീറിന്റെ നേതൃത്വത്തിൽ അഴീക്കോട് കോസ്റ്റൽ പൊലീസ് തെരച്ചിലിനിറങ്ങി. പൊലീസിനെ കണ്ടതോടെ ലൈറ്റ് ഓഫ് ചെയ്തു ബോട്ട് വടക്കോട്ട് അതിവേഗം ഓടിച്ചു പോയി. ഈ വിവരം ഇവർ മുനയ്ക്കകടവ് പൊലീസിന് കൈമാറി.


ബോട്ട് കണ്ടെത്തി നിറുത്താൻ നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും ബോട്ടിൽ ഉള്ളവർ അതിന് തയ്യാറായില്ല. ഒടുവിൽ പൊലീസ് തോക്ക് ഉയർത്തി കാണിച്ചതോടെ ബോട്ട് നിറുത്തി. ലൈസൻസ് അടക്കമുള്ളവ ഇല്ലാതിരുന്നതിനാലാണ് നിറുത്താതെ പോയതെന്നായിരുന്നു ഇവരുടെ വിശദീകരണം. പിന്നീട് പൊലീസ് സംഘം ബോട്ടിൽ പരിശോധന നടത്തി. രാവിലെ ആറരയോടെ ബോട്ട് കരയിലേക്ക് കൊണ്ടുവന്നു. കസ്റ്റഡിയിലുള്ളവരെ കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരുന്നതായി സി.ഐ എ. റബീയത്ത് പറഞ്ഞു.