ചാവക്കാട്: കടലോര പൊലീസിന്റെ പ്രവർത്തനങ്ങൾ കണ്ടറിഞ്ഞു പഠിക്കാൻ കർണ്ണാടക പോലീസ് സംഘമെത്തി. സി.ഐ കമ്മത്തിന്റെ നേതൃത്വത്തിൽ വനിതകളുൾപ്പെടെ 51 അംഗ എസ്.ഐമാരുടെ സംഘമാണ് മുനക്കകടവ് പൊലീസ് സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ ദിവസം തൃശൂർ പൊലീസ് അക്കാഡമിയിലെത്തിയ സംഘത്തിനൊപ്പം ഡിവൈ.എസ്.പി ബാലനുമുണ്ടായിരുന്നു. കോസ്റ്റൽ പൊലീസിനെ കുറിച്ചും കോസ്റ്റർ വാർഡൻമാരെ കുറിച്ചും കടലോര ജാഗ്രത സമിതിയെ കുറിച്ചെല്ലാം മുനക്കകടവ് കോസ്റ്റൽ പൊലീസ് സി.ഐ എ.റബീയത്തും എസ്.ഐ എ.ജെ. പോൾസണും സംഘത്തിന് വിവരിച്ചു നൽകി. തുടർന്ന് ചേറ്റുവ പുഴയിൽ കോസ്റ്റർ വാർഡൻമാർ പങ്കെടുത്ത റെസ്ക്യൂ ഓപ്പറേഷനും അരങ്ങേറി. പുഴയിൽ മുങ്ങിത്താഴ്ന്നയാളെ പുഴയിൽ ചാടി രക്ഷിക്കുന്ന രീതിയും പൊലീസ് ബോട്ടിലെത്തി ലൈഫ് ബോയിയുടെ സഹായത്തോടെ രക്ഷപ്പെടുത്തുന്ന രീതിയെല്ലാം കർണ്ണാടക പൊലീസ് സംഘത്തിനു മുന്നിൽ അവതരിപ്പിച്ചു.