ചാലക്കുടി: കൂടപ്പുഴയിലെ മൊബൈൽ ടവർ നിർമ്മാണത്തിന് അനുമതി നൽകലും ബിവറേജ് ഷോപ്പ് പുതിയ സ്ഥലത്തേക്ക് മാറ്റിയതും ചാലക്കുടി നഗരസഭാ കൗൺസിലിൽ ഗുരുതരമായി പ്രശ്‌നങ്ങൾക്ക് വഴിവച്ചു. ഭരണപക്ഷത്ത് വിള്ളലുണ്ടായ സാഹചരത്തിൽ തിങ്കളാഴ്ച ചേരുന്ന അടിയന്തര കൗൺസിൽ യോഗം നിർണ്ണായകമാകും.
തന്റെ വാർഡിലെ മൊബൈൽ ടവർ നിർമ്മാണം പ്രശ്‌ന ചർച്ച ചെയ്യുന്നതിൽ നിന്നും ചെയർപേഴ്‌സൺ ഒളിച്ചോടി എന്ന ആരോപിച്ച് സി.പി.എമ്മിലെ വനിതാ കൗൺസിലർ ഉഷാ സ്റ്റാൻലി രാജിക്കൊരുങ്ങിയത് ഭരണപക്ഷത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സി.പി.ഐയിലെ ഏഴുപേരും പ്രതിപക്ഷ നിലപാടിനെ പിന്തുണച്ചതും പ്രശ്‌നം സങ്കീർണമാക്കുന്നു. ശനിയാഴ്ച കൗൺസിൽയോഗം പിരിച്ചുവിട്ടതിനുശേഷം പ്രതിഷേധവുമായി അകത്തിരുന്ന സി.പി.ഐക്കാർക്കൊപ്പം ഉഷാ സ്റ്റാൻലിയും സി.പി.എമ്മിലെ മറ്റു രണ്ടു വനിതാ കൗൺസിലർമാരും ചേർന്നത് നേതൃത്വത്തിന് നാണക്കേടാവുകയും ചെയ്തു.
ചെയർമാനും വൈസ് ചെയർമാനും അറിയാതെയാണ് കൂടപ്പുഴയിൽ മൊബൈൽ ടൈവറിന് റവന്യു വകുപ്പിലെ അസി.എൻജിനിയർ അനുമതി നൽകിയത്. ടവർ നിർമ്മാണത്തിന് കൗൺസിലിന്റെ അനുമതി ആവശ്യമില്ലെന്നാണ് നിയമം. എങ്കിലും നോർത്ത് ചാലക്കുടിയിൽ കഴിഞ്ഞ മാസമുണ്ടായ പ്രശ്‌നത്തെ തുടർന്ന് ഇനി നഗരസഭാ പരിധിയിൽ കൗൺസിൽ അറിയാതെ ലൈസൻസ് നൽകരുതെന്ന് ചെയർപേഴ്‌സൺ കർശന നിർദ്ദേശം നൽകിയിരുന്നു. ഇതു ലംഘിച്ചാണ് കൂടപ്പുഴയിലെ ടവറിന് എ.ഇ. അനുമതി നൽകിയതെന്ന് പറയുന്നു.
നഗരസഭയുടെ മാർക്കറ്റ് കെട്ടിടത്തിൽ നിന്നും ഉഷാ സ്റ്റാൻലി പ്രതിനിധീകരിക്കുന്ന ആനമല ജംഗ്ഷനിലേക്കാണ് ബിവറേജ്‌ഷോപ്പ് മാറ്റിയത്. ഇതും അവരെ പ്രകോപിതരാക്കി. ഇതെല്ലാം മുതലെടുക്കാൻ യു.ഡി.എഫ് തയ്യാറായിരിക്കുകയാണ്. ഇതിനിടെയാണ് സ്വതന്ത്രനായ വൈസ് ചെയർമാൻ വിത്സൻ പാണാട്ടുപറമ്പിലിനോടുള്ള ശത്രുതയിൽ സി.പി.ഐക്കാരും ഭരണ വിരുദ്ധ നിലപാട് സ്വീകരിക്കുന്നത്.