ചാലക്കുടി: പത്മഭൂഷൻ ബഹുമതിക്ക് ശേഷം മറ്റൊരു ദേശീയ അംഗീകാരം പത്മഭൂഷൻ രാഘവൻ തിരുമുൽപ്പാടിലൂടെ കൈവന്നതിൽ അഭിമാനം കൊള്ളുകയാണ് ചാലക്കുടി നഗരം. ആരോഗ്യ രംഗത്തെ പ്രഗത്ഭർക്ക് പ്രണാമം അർപ്പിക്കുന്നതിന്റെ ഭാഗമായാണ് വൈദ്യഭൂഷണം കെ. രാഘവൻ തിരുമുൽപ്പാടിനും ഒരിക്കൽക്കൂടി അംഗീകാരമാകുന്നത്. ആഗസ്റ്റ് 30 മുതൽ മറ്റു പത്തു പ്രമുഖർക്കൊപ്പം തിരുമുൽപ്പാടിന്റെ ചിത്രത്തോടുകൂടിയ സ്റ്റാമ്പും പുറത്തിറങ്ങുകയാണ്.

അദ്ദേഹത്തിന്റെ ജന്മശതാബ്ദി വർഷത്തിലാണ് ഒരിക്കൽക്കൂടി മരണാനന്തര ബഹുമതി കൈവരുന്നതെന്ന പ്രത്യേകതയുമുണ്ട്. ഇത്തവണ കേരളത്തിൽ നിന്നും തിരുമുൽപ്പാടിന്റെ പേരിൽ മാത്രമായിരിക്കും സ്റ്റാമ്പിറങ്ങുക. കേന്ദ്ര സർക്കാരിന്റെ ആയുഷ് ഡിപ്പാർട്ട്‌മെന്റ് ഇക്കൊല്ലം പുറത്തിറക്കിയ കലണ്ടറിലും മേയ് മാസം തിരുമുൽപ്പാടിനായി മാറ്റി വച്ചിരുന്നു. 30ന് ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റാമ്പിന്റെ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ പങ്കെടുക്കുമെന്ന് തിരുമുൽപ്പാടിന്റെ മകൻ ഡോ. മുരളി പറഞ്ഞു.1920ലായിരുന്നു അദ്ദേഹത്തിന്റെ ജനനം. ആയൂർവേദത്തിന്റേയും സംസ്‌കൃതത്തിന്റേയും നിറകുടമായിരുന്ന തിരുമുൽപ്പാട് പത്തുവർഷം മുമ്പ് ഓർമ്മകളിലേക്ക് നീങ്ങി. പിന്നീടാണ് പത്മഭൂഷൻ ബഹുമതി നൽകി രാജ്യം ആദരിച്ചത്.