ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിനും ദർശനത്തിനും അഭൂതപൂർവ്വമായ തിരക്ക്. ഭക്തജന തിരക്കിൽ ക്ഷേത്രനഗരി വീർപ്പുമുട്ടി. 186 വിവാഹങ്ങളും 693 ചോറൂണും ഇന്നലെ നടന്നു. ദർശനത്തിനായും വിവാഹത്തിനായും എത്തിയവരുടെ വാഹനങ്ങൾ മൂലം രാവിലെ മുതൽ ഉച്ചവരെ നഗരം ഗതാഗത കുരുക്കിലമർന്നു. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് ഏറെ പാടുപ്പെട്ടു. ഇന്നർ റിംഗ് റോഡുകളിലേക്ക് വാഹനങ്ങൾ കൊണ്ടുവരാനേ കഴിഞ്ഞില്ല. റോഡിന് ഇരുഭാഗങ്ങളിലുമായി വാഹനങ്ങൾ നിറുത്തിയിട്ടതും കുരുക്കിന് കാരണമായി. പാർക്കിംഗ് കേന്ദ്രങ്ങളെല്ലാം രാവിലെ തന്നെ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. ഔട്ടർ റിംഗ് റോഡിൽ മമ്മിയൂർ ജംഗ്ഷൻ, കിഴക്കേനട റെയിൽവേ ക്രോസ് എന്നിവിടങ്ങളിൽ വാഹനങ്ങളുടെ നീണ്ട നിര എപ്പോഴും കാണാമായിരുന്നു.