pinapi
ചീനിക്കുന്നിലെപൈനാപ്പിള്‍തോട്ടം

പുതുക്കാട്: പുതുക്കാട്ടെ ചീനിക്കുന്നിലും, കുറുമാലിക്കാവ് ക്ഷേത്ര പരിസരത്തും വൻതോതിൽ പൈനാപ്പിൾ കൃഷിക്ക് വിഷം അടിക്കുന്നത് ഭീഷണിയാകുന്നതായി പ്രദേശവാസികൾ. ചീനിക്കുന്നിന്റെ വടക്കുഭാഗത്തെ വീട്ടുകാർക്കാണ് ഏറെ ഭീഷണി. പൈനാപ്പിളിന് പ്രയോഗിക്കുന്ന വിഷം മഴവെള്ളത്തിൽ കലർന്ന് സമീപത്തെ വീട്ടുകിണറുകളിൽ എത്തുന്നതായും പരാതിയുണ്ട്. വനഭൂമിയായിരുന്ന ചീനിക്കുന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തിൽ കൊച്ചി മഹാരാജാവ് റബർ കൃഷി നടത്താൻ പാട്ടത്തിന് നൽകിയതാണ്. ചീനി മരങ്ങൾ മാത്രം വളർന്നിരുന്നതിനാലാണ് ചീനിക്കുന്ന് എന്ന പേര് വന്നു. പാലപ്പിള്ളി മേഖലയിൽ റബർ കൃഷി ആരംഭിച്ച കാലത്തു തന്നെ ചീനിക്കുന്നിലും റബർ കൃഷി ആരംഭിച്ചു.

പുതുക്കാട് നിന്ന് കിഴക്ക് പടിഞ്ഞാറായി നീണ്ടു കിടക്കുന്ന ചീനിക്കുന്നിന്റെ വടക്കും തെക്കും ചെരുവുകളിലുള്ള വീട്ടുകാരും വിഷപ്രയോഗ ഭീതിയിലാണ്. കിണർ വെള്ളത്തിൽ വിഷം കലരുമോ എന്നതാണ് പ്രധാന ആശങ്ക. പിറകുവശത്ത് ഉയർന്നയിടത്താണ് പൈനാപ്പിൾ കൃഷി. ഇതിനു പുറമെയാണ് മണ്ണിടിച്ചിൽ ഭീഷണി. കുന്നിൻ മുകളിൽ ജെ.സി.ബി ഉപയോഗിച്ചാണ് കൃഷിക്കായി ഭൂമി ഒരുക്കിയത്. അടുത്തയിടെ വൈദ്യുതി ബോർഡിന്റെ സബ് സ്റ്റേഷനടുത്ത് കുന്നിടിഞ്ഞ് വീടുകളിലേക്കുള്ള വഴി തടസപ്പെട്ടിരുന്നു.

ജനങ്ങൾക്ക് ഭീഷണിയായ പൈനാപ്പിൾ തോട്ടങ്ങളിലെ വിഷപ്രയോഗം പഞ്ചായത്ത് ഇടപെട്ട് നിറുത്തി വയ്ക്കണമെന്നാവശ്യപെട്ട് പൊതുപ്രവർത്തകരായ വിജു തച്ചംകുളം, ജോയ് മഞ്ഞളി എന്നിവർ അധികൃതർക്ക് നിവേദനം നൽകി.

വിഷം പുഴയിലേക്കും


കുറുമാലിയിൽ പൈനാപ്പിൾ തോട്ടത്തിലെ വിഷപ്രയോഗത്തെ തുടർന്ന് മഴവെള്ളത്തിൽ കലരുന്ന വിഷം നീർച്ചാലുകൾ വഴി കുറുമാലി പുഴയിലും എത്തുന്നു. ഒട്ടേറെ കുടിവെള്ള പദ്ധതികൾ കുറുമാലി പുഴയെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത്.