കൊടുങ്ങല്ലൂർ: നഗരസഭയും റോട്ടറി ക്‌ളബ് ഒഫ് കൊടുങ്ങല്ലൂരും സംയുക്തമായി മേത്തല കുന്നംകുളത്ത് സമഗ്ര കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നു. 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നഗരസഭാ ചെയർമാൻ കെ.ആർ ജൈത്രൻ നിർവഹിച്ചു. റോട്ടറി അസി. ഗവർണ്ണർ ടി.പി സെബാസ്റ്റ്യൻ, പ്രസിഡന്റ് ടി. രാജൻ, നഗരസഭ കൗൺസിലർ കെ.എം രതീഷ് എന്നിവർ പ്രസംഗിച്ചു.
മേത്തല പടന്നയിൽ രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന ഇരുന്നൂറോളം കുടുംബങ്ങൾക്ക് ഈ പദ്ധതി ആശ്വാസകരമാകും. നഗരസഭയുടെ കീഴിൽ മേത്തല കുന്നംകുളം ജംഗ്ഷനിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം നേരത്തെ പ്രവർത്തിച്ചിരുന്ന സബ് സെന്ററിന്റെ പരിസരത്ത് എട്ട് ഫിൽറ്റർ പോയന്റുകൾ താഴ്ത്തി വെള്ളം പമ്പ് ചെയ്ത് ടാങ്കിൽ സംഭരിച്ച് പടന്നയിലെത്തിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്. എട്ട് മീറ്റർ ഉയരത്തിലുള്ള ടാങ്കിൽ 20,000 ലിറ്റർ കുടിവെള്ളം സംഭരിക്കാനാകും. മൂന്ന് മാസത്തിനകം പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പടന്നയിലെ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും.